ന്യൂഡൽഹി: ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയത്തിന് കുരുത്തോല പ്രദക്ഷിണ അനുമതി നിഷേധിച്ച് പോലീസ്. സംഭവത്തിൽ ഇതുവരെയും ദൽഹി പൊലീസ് ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ല. കുരുത്തോല പ്രദക്ഷിണത്തിന് അനുമതി പൊലീസ് നിഷേധിച്ചെന്ന വിവരം ദൽഹി ആർച്ച് ബിഷപ്പിന്റെ ഓഫീസാണ് പുറത്ത് വിട്ടത്. രാവിലെയായിരുന്നു വിവരം പുറത്ത് വിട്ടത്.
കുരുത്തോല പ്രദക്ഷിണം തീരുമാനിച്ചിരുന്നത് ഓൾഡ് ദൽഹിയിലുള്ള സെന്റ് മേരീസ് പള്ളിയിൽ നിന്നും സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കായിരുന്നു. ഏകദേശം ആറ് കിലോമീറ്റർ ദൂരമുണ്ട് ഇരു പള്ളികൾക്കിടയിൽ. അവിടെ നിന്നും രാവിലെ ഇത്തരത്തിൽ ഒരു പ്രദക്ഷിണം സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.അതിനുള്ള അനുമതിക്കായി ദൽഹി പൊലീസിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ വളരെ വൈകി ദൽഹി പോലീസിൽ നിന്നും അനുമതി നിഷേധിച്ചുകൊണ്ടുള്ള മറുപടി ലഭിക്കുകയായിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ കാരണമാണെന്നുള്ള അനുമാനത്തിലാണ് പള്ളി അധികൃതർ ഉള്ളത്. എന്താണ് അനുമതി നിഷേധിക്കാനുള്ള കാരണമെന്ന് പൊലീസ് അറിയിച്ചിട്ടില്ല.
കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇത്തരത്തിൽപ്രദക്ഷിണം നടന്നിരുന്നതാണ്. സാധാരണ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പീക്കർ ജെ.പി. നദ്ദ അടക്കമുള്ളവർ ആഘോഷങ്ങൾക്കായി പോകാറുള്ള പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം. ഡൽഹിയുടെ നഗരഹൃദയഭാഗത്ത് തന്നെയാണ് പള്ളിയുള്ളത്.