ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് തെക്കൻ കശ്മീരിലെ പുൽവാമയിലുള്ള വീട് സുരക്ഷാ സേന ഇടിച്ചുനിരത്തിയത്. ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കശ്മീരിലെ ഇയാളുടെ വീട് തകർത്തത്.
അതേസമയം മുൻപ് പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ വീടും സമാനരീതിയിൽ സുരക്ഷാസേന തകർത്തിരുന്നു.
ഒരിക്കൽ അക്കാദമിക് രംഗത്ത് മികവ് പുലർത്തിയ പ്രൊഫഷണലായി കണക്കാക്കപ്പെട്ടിരുന്ന ഉമർ കഴിഞ്ഞ രണ്ട് വർഷമായി തീവ്രവാദിയായി മാറിയിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ കാലയളവിൽ അദ്ദേഹം സോഷ്യൽ മീഡിയയിലെ ഒന്നിലധികം റാഡിക്കൽ മെസേജിംഗ് ഗ്രൂപ്പുകളിൽ ചേർന്നിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ, ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടറായ ഉമറാണ് ചെങ്കോട്ടയ്ക്ക് സമീപം നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിനടുത്ത് വെച്ച് പൊട്ടിത്തെറിച്ച ഹ്യുണ്ടായ് i20 കാർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയതും ഇയാളുടെ അമ്മയിൽ നിന്ന് ശേഖരിച്ചതുമായ ഡിഎൻഎ സാമ്പിളുകൾ ഒത്തുനോക്കിയാണ് കാറിൽ ഉമറിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമ്മാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ പോലുള്ള അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തതിന് പിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനം നടന്നത്. ഉമറിൻ്റെ കൂട്ടാളികളും ഡോക്ടർമാരുമായ മുസമ്മിൽ, ഷഹീൻ സയീദ് എന്നിവരിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന തരത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ജെയ്ഷെ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഈ സംഘം വളരെ വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും കൂട്ടാളികൾ അറസ്റ്റിലായപ്പോൾ ഉമർ പരിഭ്രാന്തനായതിൻ്റെ ഫലമായാണ് ഡൽഹി സ്ഫോടനം നടന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.















































