മലയാള സിനിമയിലെ സർവകാല റെക്കോർഡുകളും തകർത്ത് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ സിനിമയ്ക്കു മുൻപുണ്ടായ നർമ നിമിഷങ്ങൾ പങ്കുവച്ച് സംഗീത സംവിധായകൻ ദീപക് ദേവ്. സിനിമയിലും ട്രെയ്ലറിലും ഒരുപോലെ ഏറെ കയ്യടി നേടിയ ‘എമ്പുരാനെ…’ എന്ന പാട്ട് പാടിയത് പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോനായിരുന്നു. അലംകൃതയെക്കൊണ്ട് ഗാനം പാടിപ്പിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ദീപക് ദേവ്.
എമ്പുരാനിലെ ഗാനം ആലപിക്കാൻ എത്തും മുന്നേ അലംകൃതയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയെന്ന് ഞാൻ ചോദിച്ച് വച്ചിരുന്നു. പാട്ട് പാടിയ ശേഷം അതെല്ലാം സമ്മാനമായി നൽകിയെന്ന് ദീപക് ദേവ് പറഞ്ഞു. ഒരു ഇമോഷൻ പറഞ്ഞു കൊടുത്താൽ അത് അതിമനോഹരമായി അലംകൃത പാടുമെന്നും ദീപക് ദേവ് പറഞ്ഞു. ഒറിജിനൽസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൃഥ്വിരാജിനെ മാത്രമല്ല, അദ്ദേഹത്തിന്റെ മകളെയും പാടിച്ചത് ഞാനാണ്. പൃഥ്വിരാജിന്റെ മോൾ പാടി കഴിഞ്ഞപ്പോൾ എന്നോടു ചോദിച്ചു ഹൗ മച്ച് വിൽ യു പേ മീ എന്ന്. നിന്റെ അച്ഛന് ഞാൻ പൈസ കൊടുത്തിട്ടില്ല, പിന്നെയാണ് എന്ന് ഞാൻ പറഞ്ഞു. എനിക്ക് പ്രതിഫലം വേണമെന്ന് മോൾ പറഞ്ഞു. എല്ലാം കഴിയുമ്പോൾ തിരിഞ്ഞ് നോക്കൂ, അപ്പോൾ കാണാം ഞാൻ എന്താണ് തരുന്നതെന്ന് എന്ന് ഞാനും പറഞ്ഞു. മോൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെ എന്ന് ആദ്യമേ ചോദിച്ച് വച്ചിരുന്നു. അവൾക്ക് ഹാരിപോട്ടർ വളരെ ഇഷ്ടമാണെന്ന് പൃഥ്വി പറഞ്ഞിരുന്നു.
ഹാരിപോട്ടറിന്റെ കുറച്ച് ടോയ്‌സ്, പിന്നെ കുറച്ച് ഫ്ളവേഴ്സ് അങ്ങനെ കുറച്ച് സാധനങ്ങൾ കൊടുത്തപ്പോൾ ‘കണ്ണിൽ നക്ഷത്രം വരിക’ എന്ന് പറയില്ലേ ആ അവസ്ഥയിലായിരുന്നു മോൾ. എന്തൊക്കെ തന്നെയായാലും ഒരു ഇമോഷൻ പറഞ്ഞു കൊടുത്താൽ പെട്ടെന്ന് തന്നെ അവൾ അത് ക്യാച്ച് ചെയ്യും, അത് പിന്നെ അച്ഛന്റെ മോൾ അല്ലേ,’ എന്നും ദീപക് ദേവ് പറഞ്ഞു.