വാഷിങ്ടൻ: മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ലഭിച്ച പുരസ്കാരത്തെ വിമർശിച്ച് നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ മുൻഗാമിക്ക് ‘ഒന്നും ചെയ്യാതെയാണ് അത് ലഭിച്ചത്’ എന്നു പറഞ്ഞാണ് ഒബാമയെ പരിഹസിച്ചത്. ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിൽ തന്റെ പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഇസ്രയേലും ഹമാസും തമ്മിലുള്ള സമാധാന കരാറിൽ തന്റെ പങ്കിന് ഊന്നൽ നൽകിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന.
ബന്ദികളെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കാൻ സഹായിച്ച ഈ കരാർ, ഒപ്പിടുന്നതിനായി ട്രംപ് ഈജിപ്തിലേക്കു യാത്ര ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ഇങ്ങനെ പറഞ്ഞത്. ‘‘ഒന്നും ചെയ്യാതെയാണ് അദ്ദേഹത്തിനു സമ്മാനം ലഭിച്ചത്… അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു, നമ്മുടെ രാജ്യത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒബാമയ്ക്ക് അവർ അതു നൽകി… ഒബാമ ഒരു നല്ല പ്രസിഡന്റായിരുന്നില്ല.
ഞാൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, അത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. പക്ഷേ, അവർക്ക് അവരുടെ കാര്യം ചെയ്യേണ്ടിവരും. അവർ എന്തു ചെയ്താലും എനിക്ക് കുഴപ്പമില്ല. എനിക്കറിയാം ഞാൻ അതിനുവേണ്ടി ചെയ്തതല്ല, ഞാൻ ഒരുപാട് ജീവൻ രക്ഷിച്ചു…’’ – ഫിൻലൻഡ് പ്രധാനമന്ത്രിയോടൊപ്പം ഓവൽ ഓഫിസിൽ വച്ച് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.