തിരുവനന്തപുരം: കോൺഗ്രസുമായി ചേർന്ന് തിരുവനന്തപുരം ഭരിക്കാൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ കോൺഗ്രസുമായി സഹകരിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കോൺഗ്രസുമായി ചേർന്ന് ബിജെപിയെയോ, അല്ലെങ്കിൽ ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെയോ എതിർക്കാൻ നിലപാട് സ്വീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ജനകീയാടിത്തറയിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. വർഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരിക്കുന്നത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപി വോട്ടുകൾ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകൾ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങൾ പുറത്തു വരുന്നുണ്ടെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളോടു യോജിച്ചാണ് യുഡിഎഫ് മത്സരിച്ചത്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ യഥാർഥത്തിൽ ബിജെപിയെയും സഹായിച്ചിട്ടുണ്ട്.
അതേപോലെ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശമായ പന്തളം മുനിസിപ്പാലിറ്റിയിൽ എൽഡിഎഫാണു വിജയിച്ചത്. കുളനട, ചെറുകോൽ തുടങ്ങിയ പഞ്ചായത്തുകൾ ബിജെപിയിൽനിന്നു തിരിച്ചു പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷൻ ജയിക്കാനായി എന്നത് ഒഴിച്ചാൽ ബിജെപിയെ സംബന്ധിച്ചിടത്തോളം കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചില്ല.
അതേസമയം സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചിട്ടും എന്തുകൊണ്ടു തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്നു വിശദമായി പരിശോധിക്കും. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെന്ന് അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസിലാക്കി കൂടുതൽ ശക്തമായി ഇടപെട്ട് മുന്നോട്ടേക്ക് പോകാനാണ് പാർട്ടി ശ്രമിക്കുകയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.



















































