തൃശൂർ: ഓർക്കുന്നില്ലെ കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധനെ. തല ചായ്ക്കാനൊരു വീടെന്ന സ്വപ്നവുമായി തനിക്ക് നിവേദനം നൽകാനെത്തിയ കൊച്ചു വേലായുധനെ മടക്കി അയക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിരുന്നു. കലുങ്ക് സംവാദം നടന്നുകൊണ്ടിരിക്കേയാണ് കൊച്ചു വേലായുധൻ നിവേദനവുമായി വന്നത്. നിവേദനം ഉൾക്കൊള്ളുന്ന കവർ സുരേഷ് ഗോപിക്ക് നീട്ടിയപ്പോൾ ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തിൽ പറയൂ’ എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്.
എന്നാൽ ആ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ് സിപിഎം. 75 ദിവസം കൊണ്ടാണ് ചേർപ്പ് പുള്ളിൽ സിപിഎം കൊച്ചു വേലായുധന് വീടൊരുക്കിയത്. അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പിന് ശേഷം വീട് കൈമാറും. സിപിഎം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ചത്.
രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള 600 സ്‌ക്വയർ ഫീറ്റ് വീടാണാ കൊച്ചുവേലായുധനായൊരുങ്ങുന്നത്. ആലപ്പാട് സ്വദേശി കരുമാരശ്ശേരി ശശിധരനും സിപിഎമ്മിനൊപ്പം ചേർന്നാണ് ഭവന നിർമ്മാണം പൂർത്തിയാക്കുന്നത്.
ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് നൽകുക എന്ന് ചോദിക്കുമ്പോൾ ‘അതെ പറ്റുന്നുള്ളൂ ചേട്ടാ’ എന്ന് എംപി പറയുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്ന് സുരേഷ് ഗോപിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് സിപിഎം ചേർപ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചുവേലായുധന്റെ വീട് നിർമ്മാണം ഏറ്റെടുത്തത്.



















































