ആലപ്പുഴ: ലോകകേരള സഭയും ശബരിമലയിൽ നടത്താൻ പോകുന്ന അയ്യപ്പസംഗമവും ഒരിക്കലും ഇടതു നയമല്ലെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ രൂക്ഷ വിമർശനം. പൗരപ്രമുഖരെ വിളിച്ചുകൂട്ടി കാണുന്ന രീതിയും ഇടതുനയമല്ല. ആരാണ് ഈ പൗരപ്രമുഖരെന്നും പ്രതിനിധികൾ ചോദിച്ചു.
അതുപോലെ അയ്യപ്പസംഗമം ജാതിവാദത്തിലേക്കു പോകുന്നതു ജനങ്ങൾ പുച്ഛത്തോടെയാണു കാണുന്നത്. ഗണേശോത്സവത്തിനു വരെ സർക്കാർ പിന്തുണ കൊടുക്കുന്നതു നയവ്യതിയാനമാണ്. ചരിത്രം തിരുത്താൻ ശ്രമിക്കുന്ന ആർഎസ്എസിന്റെ നയമാണ് സിപിഎമ്മിന്റേതെന്നും പ്രതിനിധികൾ വിമർശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകരേള സദസ് ജനങ്ങളെ അകറ്റാനേ ഉപകരിച്ചുള്ളൂ. നവകേരള നിർമിതിയെക്കുറിച്ചു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നു. ഇക്കാര്യം സിപിഎം ചർച്ച ചെയ്തു കഴിഞ്ഞു. ആ ബസ് പോയിക്കഴിഞ്ഞു. ഇനി നമ്മൾ ചർച്ച ചെയ്തിട്ട് എന്തു കാര്യം– പ്രതിനിധികൾ ചോദിച്ചു. കേരളത്തിന്റെ വികസന ചരിത്രം പറയുമ്പോൾ സി. അച്യുതമേനോനെയും പി.കെ.വാസുദേവൻ നായരെയും ബോധപൂർവം സിപിഎം ഒഴിവാക്കുന്നുവെന്നും ചർച്ചയിൽ വിമർശനമുയർന്നു.
സഹകരണ സംഘം റജിസ്റ്റർ ചെയ്യാൻ സിപിഎമ്മിനു മുൻപിൽ കുമ്പിടണം എന്ന സ്ഥിതിയാണ്. സർക്കാർ സാംസ്കാരിക സ്ഥാപനങ്ങളെ സിപിഎം കൈപ്പടിയിൽ ഒതുക്കി. മന്ത്രി ഗണേഷിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണെന്നും ചർച്ചയിൽ വിമർശനമുയർന്നു. കുടുംബശ്രീയെ ‘സിപിഎംശ്രീ’യായി മാറ്റിയതായും പ്രതിനിധികൾ വിമർശനമുന്നയിച്ചു.
അതുപോലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് 4 വർഷ ബിരുദ കോഴ്സ് നടപ്പാക്കിയതു വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ്. അക്കാദമിക് രംഗത്താകെ ആശയക്കുഴപ്പമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, വിദ്യാഭ്യാസ വകുപ്പും മന്ത്രി വി. ശിവൻകുട്ടിയും നടത്തുന്നതു മികച്ച പ്രവർത്തനമാണെന്നും അഭിപ്രായമുയർന്നു.
അതേസമയം പാർട്ടിയുടെ മന്ത്രി പി. പ്രസാദിനെതിരെയും പ്രതിനിധി ചർച്ചയിൽ വിമർശനമുയർന്നു. കർഷക ക്ഷേമനിധി ബോർഡ് പാർട്ടിയുടെ നയമാണ്, സന്തതിയാണ്. രാഷ്ട്രീയ ഇച്ഛാശക്തിയോടെ അതു നടപ്പാക്കാൻ പ്രസാദിനു കഴിയുന്നില്ല. സൗമ്യതയും ആദർശവും കൊണ്ടു കാർഷിക രംഗം മുന്നോട്ടു പോകില്ലെന്നും മന്ത്രിയോട് പ്രതിനിധികൾ പറഞ്ഞു കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണ്.
കമ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിലേറ്റാൻ പാടുപെട്ട കർഷകത്തൊഴിലാളികളെ സർക്കാർ മറന്നു. കേന്ദ്രം ഫണ്ട് തരുന്നില്ല. കേന്ദ്രം സംസ്ഥാനത്തോടു ചെയ്യുന്നത് ഇവിടെ സിപിഎം സിപിഐയോടു ചെയ്യുന്നു. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കു പണം അനുവദിക്കുന്നതിൽ ചിറ്റമ്മ നയമാണ്– പ്രതിനിധികൾ തുറന്നടിച്ചു.
സിപിഐ മന്ത്രിമാരോടുള്ള വിവേചനത്തിന് അറുതി വരുത്താൻ നേതൃത്വം ഇടപെടണമെന്നു പ്രതിനിധികൾ ആവശ്യപ്പെട്ടു. മന്ത്രിമാരെ കൂച്ചുവിലങ്ങിട്ടു നീന്തൽക്കുളത്തിലേക്കു തള്ളിയിട്ട അവസ്ഥയാണ്. എന്നിട്ടു നമ്മൾ ന്യായീകരണത്തൊഴിലാളികളായി കേന്ദ്രത്തെ കുറ്റം പറയുന്നു.