തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറെ വ്യാഴാഴ്ച വൈകിട്ട് അഞ്ചുവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രാഹുലിന്റെ പ്രൊഡക്ഷൻ വാറന്റ് ഇന്ന് കോടതിയിൽ വന്നിരുന്നു. തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ആണ് കേസന്വേഷിക്കുന്നത്. ഇതിനിടെ രാഹുൽ ഈശ്വർ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ ഡിസംബർ 6ന് പരിഗണിക്കും. അഡീ.സിജെഎം കോടതിയാണ് കേസ് പരിഗണിച്ചത്
രാഹുൽ അതിജീവിതയെ അപമാനിക്കാൻ ഉപയോഗിച്ച ഫോട്ടോകൾ, ടെക്സ്റ്റുകൾ തുടങ്ങിയവ അടങ്ങിയ പെൻഡ്രൈവ് ഡിജിറ്റൽ സാമഗ്രികൾ ടെക്നോ പാർക്കിലെ ഓഫീസിലുണ്ടെന്നാണ് രാഹുൽ ഈശ്വർ പോലീസിനോടു പറഞ്ഞിരുന്നു. അതിനാൽ രാഹുലിന്റെ ഓഫിസിൽ പരിശോധന നടത്തണമെന്നും കേസിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
ഡിജിറ്റൽ തെളിവുകളും സാമഗ്രികളും ഓഫീസിൽനിന്ന് എടുത്തശേഷം വ്യാഴാഴ്ച വൈകിട്ട് തിരിച്ച് കോടതിയിൽ ഹാജരാക്കും. പിന്നീട് തിരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. രാഹുലിനെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.


















































