ഭോപാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരേ സമൂഹമധ്യത്തിൽ അധിക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയോടാണ് ഹൈക്കോടതി നിർദേശിച്ചത്.
കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണൽ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തിൽ പരാമർശിച്ച് അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മൾ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഈ പരാമർശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്തിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പ്രതിരോധ-വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലൂടെയാണ് കേണൽ ഖുറേഷി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി വനിതാ ഉദ്യോഗസ്ഥരായ കേണൽ ഖുറേഷിയെയും വിങ് കമാൻഡർ വ്യോമികാസിങ്ങിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പലതവണകളായി ഇരുവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.