ഗുരുഗ്രാം: പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി കണ്ടന്റ് ക്രിയേറ്റര്‍ ശിവാങ്കി പെസ്വാനി. ഗുരുഗ്രാം സൈബര്‍ പോലീസിനെ ടാഗ് ചെയ്ത് ശിവാങ്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
സെപ്റ്റംബര്‍ 14-ന് പുലര്‍ച്ചെ 12:45-നാണ് സംഭവം.
ഗുരുഗ്രാമിലെ വീട്ടിലേക്ക് മടങ്ങവേ, ശിവാങ്കിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഒരു കമന്റ് ലഭിച്ചു. തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും കാറിന്റെ വിവരങ്ങള്‍ അറിയാമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ആദ്യം ഇത് ഒരു ഫോളോവറുടെ കമന്റാണെന്ന് കരുതിയ ശിവാങ്കിയോട് പിന്നീട് അയാള്‍ താന്‍ ഒരു വനിതാ പോലീസ് ആണെന്ന് പറഞ്ഞത്. എന്നാല്‍ അല്‍പനേരത്തിന് ശേഷം അയാള്‍ താനൊരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തി. കാറിന്റെ നമ്പര്‍ ഉപയോഗിച്ച് തന്നെ പിന്തുടരുകയാണെന്നും ശിവാങ്കിയെ ഇഷ്ടമായതിനാലാണ് സന്ദേശം അയച്ചതെന്നും അയാള്‍ അവകാശപ്പെട്ടു.
ശിവാങ്കിയുടെ രൂപഭംഗിയെക്കുറിച്ച് അനുചിതമായ അഭിപ്രായങ്ങള്‍ പങ്കുവെച്ച് സൗഹൃദം സ്ഥാപിക്കാന്‍ അയാള്‍ ശ്രമിച്ചതായും ശിവാങ്കി വെളിപ്പെടുത്തി. ഇതില്‍ അസ്വസ്ഥയായ അവര്‍, സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം സൈബര്‍ ക്രൈം പോലീസിന് പരാതി നല്‍കി.ദിവസങ്ങള്‍ക്കുശേഷം, പോലീസ് സന്ദേശം അയച്ച ഉദ്യോഗസ്ഥനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. എന്നാല്‍, ശിവാങ്കിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍, ഉദ്യോഗസ്ഥന് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അയാളെ ബ്ലോക്ക് ചെയ്താല്‍ മതിയായിരുന്നുവെന്നും പോലീസ് പറഞ്ഞതായി ശിവാങ്കി വീഡിയോയില്‍ വ്യക്തമാക്കി.