തിരുവനന്തപുരം: മുഖ്യമന്ത്രിയെ കടുത്തഭാഷയില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സന്താനോത്പാദനശേഷിയില്ലാത്ത ആളെപ്പോലെയാണ് വിഴിഞ്ഞം തുറമുഖത്തിനുള്ള മുഖ്യമന്ത്രിയുടെ അവകാശവാദമെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു നാണവുമില്ലാതെ യുഡിഎഫ് പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ വിഷയമല്ല ഉള്ളകാര്യമാണ് താന്‍ പറഞ്ഞതെന്ന് പിന്നീട് അധിക്ഷേപ പരാമര്‍ശത്തെ മുരളീധരന്‍ ന്യായീകരിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുരളീധരന്‍.”കുറേക്കാലമായി കുട്ടികളുണ്ടാകുന്നില്ല. ഒരുപാട് ഡോക്ടര്‍മാരെയൊക്കെ കാണിച്ചു. അവസാനം ഡോക്ടര്‍മാര്‍ വിധിയെഴുതി നിങ്ങള്‍ക്ക് ഇതിന്റെ ഒരു കപാസിറ്റിയില്ല. അപ്പോള്‍ അയാള്‍ പുറത്തിറങ്ങി വന്നപ്പോള്‍ അടുത്ത വീട്ടിലെ കുട്ടിയെ കണ്ടു. വാ മോനേ നിന്റ് അച്ഛന്‍ ഞാനാണെന്ന് പറഞ്ഞപോലെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ നേട്ടങ്ങളേയും സ്വന്തം അക്കൗണ്ടിലാക്കാന്‍ നോക്കുന്ന പിണറായി വിജയനെ കാണുമ്പോള്‍ സന്തോനോത്പാദനശേഷി നഷ്ടപ്പെട്ട ഒരു വ്യക്തിയെയാണ് ഓര്‍മ്മ വരുന്നത്”.
തുടര്‍ന്ന്, പരിപാടിയ്ക്ക് ശേഷം പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ താന്‍ മുഖ്യമന്ത്രിക്കെതിരേ പറഞ്ഞതിനെ മുരളീധരന്‍ ന്യായീകരിച്ചു. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കേണ്ട പോലെ വിമര്‍ശിക്കണമെന്നും ഇനിയും ഇത്തരം നടപടികളുണ്ടായാല്‍ ഇതിലും ശക്തമായി വിമര്‍ശിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.