തൃശൂർ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തൃശൂരിലെ മുതിർന്ന സിപിഎം നേതാവ് എംകെ കണ്ണൻ കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നു. കണ്ണനെതിരെ തെളിവ് ഹാജരാക്കാൻ തയാറാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ വെല്ലുവിളി. പാട്ടുരായ്ക്കൽ ബാങ്കിൽ നിന്ന് എംകെ കണ്ണൻ തുക കൈമാറി. ഒന്നരക്കോടി മാറിയതിന് തെളിവുണ്ടെന്നും പണമെടുക്കാൻ പോയ ആളെ ഹാജരാക്കാൻ തയ്യാറാണെന്നും അനിൽ അക്കരെ ന്യൂസ് അവറിൽ പറഞ്ഞു.
അതേസമയം നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുയർത്തി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ സിപിഎം അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ്. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്.
രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് എം കെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. വലിയ വലിയ ഡീലേഴ്സാണ് അവർ. വർഗീസ് കണ്ടൻകുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത് എന്ന് ചോദിക്കുന്നതും ശബ്ദ സന്ദേശത്തിൽ ഉണ്ട്. അനൂപ് കാട, എസി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗ് നടത്തുന്നവരാണ്. അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് എ സി മൊയ്തീൻ എന്നും ശരത് പ്രസാദ് ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഏരിയ സെക്രട്ടറിക്ക് പരമാവധി 10,000 രൂപയാണ് പിരിവ് നടത്തിയാൽ മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാൽ അത് ഇരുപത്തി അയ്യായിരത്തിന് മുകളിലാവും. പാർട്ടികമ്മിറ്റിയിൽ വന്നാൽ അത് 75000വും ഒരു ലക്ഷവുമാകും പിരിവ്. ഇൻട്രസ്റ്റ് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുള്ള നമ്മുടെ ജീവിതമെന്നും ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് ടെലിഫോൺ സംഭാഷണത്തിനിടെ പറയുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എസി മൊയ്തീനെതിരെയും എം കെ കണ്ണനെ എതിരെയും നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നെങ്കിലും അതെല്ലാം തള്ളുന്നതായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. എന്നാൽ ഇപ്പോൾ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്തുവന്നതോടുകൂടി സിപിഎം വീണ്ടും പ്രതിരോധത്തിൽ ആയിരിക്കുകയാണ്.
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ഓഡിയോ സന്ദേശം ഇങ്ങനെ-
“വലിയ വലിയ ഡീലേഴ്സാണ് അവർ. വർഗീസ് കണ്ടൻകുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്. അനൂപ് കാട, എസി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗ് നടത്തുന്നവരാണ്. അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് സി മൊയ്തീൻ.
ഏരിയ സെക്രട്ടറിക്ക് പരമാവധി 10,000 രൂപയാണ് പിരിവ് നടത്തിയാൽ മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാൽ അത് ഇരുപത്തി അയ്യായിരത്തിന് മുകളിലാവും. പാർട്ടി കമ്മിറ്റിയിൽ വന്നാൽ അത് 75000 ഒരു ലക്ഷമാകും പിരിവ്. ഇൻട്രസ്റ്റ് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുള്ള നമ്മുടെ ജീവിതം.
എം.കെ. കണ്ണന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. തൃശൂർ റൗണ്ടിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ആളാണ് എം.കെ.കണ്ണൻ. രാഷ്ട്രീയത്തിലൂടെ രക്ഷപ്പെട്ടയാളാണ് അദ്ദേഹം. എ.സി.മൊയ്തീനൊക്കെ വലിയ ആളുകളുടെ ഇടയിൽ ഡീലിങ് നടത്തുന്നയാളാണ്.”
അതേസമയം സിപിഐഎം നേതാക്കളുടെ അഴിമതി അക്കമിട്ട് എണ്ണിപ്പറയുന്ന ശബ്ദരേഖയിലുള്ളത് തൻറെ ശബ്ദം തന്നെയെന്ന് സിപി ഐഎം പുറത്താക്കിയ മുൻ ലോക്കൽ കമ്മിറ്റിയംഗം നിബിൻ ശ്രീനിവാസൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് തന്നോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നതെന്നും എങ്ങനെയാണ് സംഭാഷണം പുറത്തുവന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തന്നെ പുറത്താക്കിയതെന്ന് നിബിൻ ശ്രീനിവാസൻ പറഞ്ഞു. തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് സംഘടന നടപടിയെടുത്തത്. അഴിമതി സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉൾപ്പെടെ പരാതി നൽകിയിരുന്നു. അതിൽ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതെന്നും നിബിൻ ശ്രീനിവാസ് പറഞ്ഞു.