ആലപ്പുഴ: പേർകാട് എംഎസ്‌സി എൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിക്കു നേരെ പ്രധാനാധ്യാപികയുടെ ക്രൂരവിനോദം. നീയൊക്കെ പുലയന്മാരല്ലേ നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞു ജാതീയ അധിക്ഷേപമെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രധാനാധ്യാപിക ഗ്രേസിക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. ‘നാലാം ക്ലാസ് വിദ്യാർത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നു’മാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ഹരിപ്പാട് പോലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും പരാതി നൽകി.
അതേസമയം പരാതിക്കാരിയുടെ രണ്ടു മക്കൾ എംഎസ്‌സി എൽപി സ്കൂളിലാണ് പഠിക്കുന്നത്. ഇവിടുത്തെ പ്രധാനാധ്യാപികയായ ഗ്രേസിക്കുട്ടിക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. ഒരു ദിവസം മുഴുവൻ മകനെ മൂത്രമൊഴിക്കാൻ പോലും വിടാതെ പിടിച്ചുവെച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് അധ്യാപികയ്ക്കെതിരെ ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 18-ന് സ്‌കൂളിൽ നിന്ന് തിരികെ വന്ന കുട്ടിയുടെ കൈയിലെ പാടുകൾ കണ്ട് ചോദിച്ചപ്പോൾ ഗ്രേസി ടീച്ചർ തന്നെ അടിക്കുകയും കവിളിൽ കുത്തുകയും കൈയിൽ പിച്ചുകയും ചെയ്തെന്നുമാണ് മകൻ പറഞ്ഞതെന്നും മകൻ കറുമ്പനാണെന്നും കറുത്ത് കരിങ്കുരങ്ങിനെപ്പോലെയാണ് ഇരിക്കുന്നതെന്നും നീയൊക്കെ പുലയന്മാരല്ലേ നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ലയെന്നും പ്രധാനാധ്യാപിക പറഞ്ഞെന്നും അമ്മ പരാതിയിൽ പറയുന്നു.
സംഭവത്തിനു പിറ്റേദിവസം രാവിലെ സ്കൂളിൽ ചെന്ന് ഗ്രേസി ടീച്ചറോട് എന്തിനാണ് മകനെ ഉപദ്രവിച്ചതെന്നു ചോദിച്ചപ്പോൾ മറ്റുള്ളവർ കേൾക്കെ വളരെ ഉച്ചത്തിൽ നീയൊക്കെ പുലയരല്ലേ താൻ ഇനിയും ഇതുപോലെ കാണിക്കുമെന്നും നീയൊക്കെ എവിടെവേണമെങ്കിലും പരാതി കൊടുത്തോളൂ തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും പറഞ്ഞു. തനിക്ക് കറുത്ത പിള്ളേരെ ഇഷ്ടമല്ലെന്നും അവർ പറഞ്ഞു. തന്റെ മകനെ കൂടാതെ ചേട്ടൻ്റെ മകനെയും സ്ഥിരമായി ‘വേടൻ’ എന്നാണ് ഗ്രേസി ടീച്ചർ വിളിക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഇപ്പോൾ മകന് സ്കൂളിൽ പോകാൻ മടിയാണ്. ആകെ പേടിച്ചിരിക്കുകയാണ്. ഇതിിനു മുൻപ് പലതവണയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചപ്പോൾ മറ്റ് അധ്യപകർ പറഞ്ഞതിനാൽ താൻ പരാതിയൊന്നും കൊടുത്തില്ല. നിരന്തരം മകനെയും ചേട്ടൻ്റെ മകനെയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനാലും ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനാലുമാണ് ഗ്രേസിക്കെതിരെ പരാതി നൽകിയത്. കേസുമായി മുന്നോട്ട് പോകാൻ തീരുമാനമെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.