കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജനെതിരെയും പരാമർശം. എഡിഎമ്മിന്റെ മരണിനു മുൻപും ശേഷവും ജില്ലാ കളക്ടർ അരുൺ കെ വിജയൻ മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വിവാദ സംഭവങ്ങൾ അരങ്ങേറിയ ശേഷമാണ് കളക്ടർ അരുൺ കെ വിജയൻ മന്ത്രി കെ രാജനെ ആദ്യമായി ഫോണിൽ ബന്ധപ്പെടുന്നത്.
എഡിഎമ്മിന്റെ മരണത്തിനു മുൻപും ശേഷവും ഇരുവരും പരസ്പരം ബന്ധപ്പെട്ടു. 2024 ഒക്ടോബർ പതിനാലിന് വൈകിട്ട് 5.56 ന് കളക്ടർ മന്ത്രിയെ ബന്ധപ്പെട്ടു. പത്തൊൻപത് സെക്കൻഡാണ് മന്ത്രിയും കളക്ടറും തമ്മിൽ സംസാരിച്ചത്. ഇതിന് ശേഷം 6.04 നും കളക്ടർ മന്ത്രിയെ ബന്ധപ്പെട്ടു. 210 സെക്കൻഡ് ഇരുവരും സംസാരിച്ചു. ഈ സംഭവങ്ങൾക്ക് ശേഷം ഒക്ടോബർ പതിനഞ്ചിനാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് ശേഷവും കളക്ടർ മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു. പതിനഞ്ചാം തീയതി രാവിലെ 8.49നാണ് കളക്ടർ മന്ത്രിയെ ബന്ധപ്പെട്ടത്. പത്തൊൻപത് സെക്കൻഡ് ഇരുവരും സംസാരിച്ചു. കളക്ടറുടെ മൊഴിയിൽ ഇക്കാര്യങ്ങൾ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിഡിആർ പരിശോധിച്ചു. ഇതിൽ കളക്ടറും മന്ത്രിയും സംസാരിച്ച കാര്യം വ്യക്തമായെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ മന്ത്രി കെ രാജനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു കളക്ടർ അരുൺ കെ വിജയൻ നേരത്തെ നൽകിയ മൊഴി. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം മന്ത്രിയോട് സംസാരിച്ചിരുന്നുവെന്നായിരുന്നു കളക്ടർ പറഞ്ഞത്. ഇതിന് ശേഷമാണ് തെറ്റിപറ്റിയതായി നവീൻ ബാബു പറയുന്നത്. ഇക്കാര്യവും മന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നു. പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നതായും കളക്ടർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ അടക്കം അടങ്ങിയ കുറ്റപത്രമായിരുന്നു അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.
റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെ മന്ത്രി കെ രാജൻ പ്രതിരോധത്തിലായി. നവീൻ ബാബുവിനെതിരെ കളക്ടർ പരാതി നൽകിയില്ലെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞത്. നവീൻ ബാബു കുറ്റം ചെയ്തിട്ടില്ലെന്നും കളക്ടറുടെ മൊഴി അവിശ്വസനീയമാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ വാദങ്ങൾ പാടെ തള്ളുന്ന വിവരങ്ങളാണ് പോലീസ് റിപ്പോർട്ടിലുള്ളത്.