ഇടുക്കി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന്‍റെ (45) കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. സോഫിയുടെ കുടുംബത്തിന് ഇന്ന് (ഫെബ്രുവരി 11) 10 ലക്ഷം രൂപ ധനസഹായം നൽകും. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കാട്ടാനയുടെ ഭീഷണിയിൽ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഉറപ്പുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റി.
തിങ്കളാഴ്ച (ഫെബ്രുവരി 10, ഇന്നലെ) വൈകീട്ടാണ് സമീപത്ത് കുളിക്കാന്‍ പോകുന്നതിനിടെ സോഫിയയെ കാട്ടാന ആക്രമിച്ചത്. ചെന്നാപ്പാറ മുകൾ ഭാഗത്തുനിന്നു കൊമ്പൻപാറയിലേക്കുള്ള വഴിയെ നടന്നുപോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വനത്തോട് ചേർന്നുകിടക്കുന്ന മേഖലയാണിത്.
ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്നു മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് കൊമ്പൻപാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയിൽ സോഫിയയെ കണ്ടെത്തിയത്. ഏറെനേരം മൃതദേഹത്തിനു സമീപം ആന നിലയുറപ്പിച്ചിരുന്നു. പിന്നീട്, ആന പോയെങ്കിലും ജില്ലാ കലക്ടർ എത്തിയതിനു ശേഷമേ മൃതദേഹം മാറ്റുമെന്ന നിലപാടിൽ നാട്ടുകാർ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.