തിരുവനന്തപുരം: കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത് സർക്കാരുകളുടെ പദ്ധതികളും നേട്ടങ്ങളും എടുത്ത് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ
‘‘ഐക്യ കേരളമെന്ന സ്വപ്നം യാഥാർഥ്യമായിട്ട് ഇന്നേക്കു 69 വർഷം തികയുകയാണ്. ഏവരുടെയും സ്വപ്ന സാക്ഷാത്ക്കാരം ഈ ദിനത്തിൽ ആവുന്നു എന്നത് ഏറെ സന്തോഷകരമാണ്. ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്തുതോൽപ്പിക്കാവുന്ന അവസ്ഥയാണ് അതി ദാരിദ്ര്യം. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തുതോൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ഫലപ്രദമായി ഇടപെട്ടത് നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേ മനസോടെ അതിൽ സഹകരിച്ചു. ഇത് തട്ടിപ്പല്ല, യാഥാർഥ്യമാണ്’.
പുതിയ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഇടത് പക്ഷ സർക്കാരുകൾ നേതൃത്വം നൽകി. കേരളാ മോഡൽ എന്ന് ലോകം വിളിച്ചു. നാല് ലക്ഷം വീടുകൾ പൂർത്തിയാക്കാനായത് നിങ്ങൾ തന്നെ തുടർന്നോളൂ എന്ന് ജനം പറഞ്ഞത് കൊണ്ടാണ്.
നമ്മൾ ഈ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളം ഒരു അദ്ഭുതമാണ്. മാതൃശിശു മരണ നിരക്കിൽ യുഎസിനു താഴെയാണ് കേരളം. 64006 കുടുംബങ്ങളിൽ വിവിധ ഘട്ടങ്ങളിലായി 64005 കുടുംബങ്ങൾ അതിദാരിദ്ര്യ മുക്തമായിരുന്നു. ബാക്കി ഒരു കുടുംബമാണുണ്ടായിരുന്നത്. അതിന് ഒരു സാങ്കേതിക പ്രശ്നമുണ്ടായിരുന്നു. ആ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രിസഭയുടെ മുൻപിൽ വന്നു. ആ പ്രശ്നവും പരിഹരിച്ചു. അതോടെ തയ്യാറാക്കിയ വെബ്സൈറ്റിൽ ബാക്കിയുണ്ടായിരുന്ന അതിദാരിദ്രരുടെ പട്ടികയിൽ ഒന്ന് എന്ന സ്ഥാനത്ത് പൂജ്യം എന്നായി. ഞങ്ങളെല്ലാം കണ്ടുനിൽക്കേ 64006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായി സാക്ഷ്യപ്പെട്ടു’.
‘‘നമുക്ക് അസാധ്യമായ ഒന്നില്ല. കേരളത്തിൽ ഇടവേളകളിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ പുരോമന സർക്കാരുകൾ പുതിയ കേരളം വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരള മോഡൽ എന്ന രീതിയിൽ ലോകം വിശേഷിപ്പിച്ച കാര്യങ്ങൾക്ക് ഇടയാക്കിയത് ഇത്തരത്തിലുള്ള ഇടപെടലുകളാണ്. സംസ്ഥാനത്ത് കഴിഞ്ഞകാലത്ത് ഉണ്ടായിരുന്ന പതിവ് ഒരു തിരഞ്ഞെടുപ്പിൽ ഒരു മുന്നണി അധികാരത്തിൽ വന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ മറ്റൊരു മുന്നണി അധികാരത്തിൽ വരിക എന്നുള്ളതായിരുന്നു. ഒരു ഘട്ടത്തിൽ വലിയ വികസന മുന്നേറ്റമുണ്ടാകും, മറ്റൊരു ഘട്ടത്തിൽ വലിയൊരു തകർച്ചയുണ്ടാകും.
വികസനം എന്നാൽ അംബരചുംബികൾ മാത്രമല്ല. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയും വാട്ടർ മെട്രോയും രാജ്യത്തിന് മാതൃകകളാണ്. സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. കേരളത്തിന്റെ കോവിഡ് പ്രതിരോധം ആഗോള മാതൃകയായി മാറി. അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിൽ എല്ലാവർക്കും അഭിമാനിക്കാം.
ഇത് ആരുടെയും ഔദാര്യം അല്ല. ഒരു കുടുംബം പോലും ആഹാരത്തിനായി കൈ നീട്ടേണ്ട അവസ്ഥയില്ലെന്നുറപ്പാക്കി. വീട് സ്വപ്നം ആയിരുന്നവർക്ക് അത് യഥാർത്ഥ്യമാക്കി. ആരും പിന്നിലാകരുത് എന്നത് ഈ സർക്കാരിന്റെ മുദ്രാവാക്യം. 2016 ഇൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ വികസനം മുരടിച്ച് നാട് വിറങ്ങലിച്ച അവസ്ഥയിൽ ആയിരുന്നു. അവിടെ നിന്നാണ് നാം തുടങ്ങിയത്. എൽഡിഎഫ് സർക്കാരുകളാണ് ക്ഷേമ പെൻഷൻ കൂട്ടിയത്. വാട്ടർ മെട്രോയെ കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്ന് വരെ സംഘങ്ങൾ എത്തുന്നു.
ജനകീയാസൂത്രണത്തിന്റെ ശോഭ എങ്ങനെയെല്ലാം കെടുത്താൻ പറ്റും എന്ന് ഒരു സർക്കാർ ശ്രമിക്കുന്നതും നമ്മൾ കണ്ടു. കുടുംബശ്രീക്കു പകരം ജനശ്രീ എന്ന പേരിൽ ഒരു സംവിധാനം കൊണ്ടുവരാൻ ശ്രമിച്ചതും നമ്മുടെയെല്ലാം അനുഭവത്തിൽ ഉള്ളതാണ്. 2021ൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് അന്ന് ഒരു മുന്നണിയുടെ സമുന്നതനായ നേതാവ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് ഉയർത്തുക എന്നതാണ് നവകേരള നിർമിതിയുടെ സുപ്രധാന ലക്ഷ്യമായി നാം കണ്ടത്. ആ ലക്ഷ്യം ഏറെയൊന്നും അകലെയല്ല’’.

















































