മലപ്പുറം: ചുങ്കത്തറയിൽ വൈസ് പ്രസിഡന്റ് കൂറുമാറിയതോടെ ഭരണം നഷ്ടമായതിന് പിന്നാലെ കൂറുമാറിയ അംഗത്തിന്റെ ഭർത്താവിന് ഭീഷണി സന്ദേശവുമായി സിപിഐഎം ഏരിയ സെക്രട്ടറി. സിപിഐഎം ഏരിയ സെക്രട്ടറി ടി രവീന്ദ്രനാണ് ഭീഷണി സന്ദേശമയച്ചത്. അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതര വിഷയങ്ങൾ ഉണ്ടാകുമെന്നും പാർട്ടിയെ കുത്തിയാണ് പോകുന്നതെന്ന് ഓർക്കണമെന്നും രവീന്ദ്രൻ പറയുന്നുണ്ട്. ഗുരുതര ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും. ഒരു ദാക്ഷിണ്യവും നിന്നോടോ കുടുംബത്തോടോ ഉണ്ടാകില്ല. കൂറു മാറില്ലെന്ന ഉറപ്പ് ലംഘിച്ചപ്പോൾ പ്രതിഷേധം അറിയിച്ചതാണെന്നും രവീന്ദ്രൻ പറഞ്ഞു.
ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയിൽ പാസായത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഇതോടെയാണ് ഭർത്താവ് സുധീറിന് നേരെ ഭീഷണി സന്ദേശമെത്തിയത്. അതേ സമയം അൻവറിന്റെ സുഹൃത്താണ് സിപിഎം കാരനായ നുസൈബ സുധീറിന്റെ സുഹൃത്ത്.
ഭീഷണി സന്ദേശം ഇങ്ങനെ:
“അങ്ങനെയൊരു നിലപാട് നിങ്ങളെടുത്തിട്ടുണ്ടെങ്കിൽ നമ്മൾക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ അൻവറെ കണ്ടിട്ട് ഈ തീരുമാനമെടുത്തത് ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. പാർട്ടിയെ കുത്തിയിട്ടാണ് നിങ്ങൾ പോകുന്നത്. അതോർമ്മവെയ്ക്കണം. ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല. പാർട്ടിയെ പുറത്തുനിന്ന് കുത്തിയിട്ടാണ് നിങ്ങൾ പോകുന്നത്.
സിപിഎം അംഗമായിരുന്ന നുസൈബ യുഡിഎഫിന് ഒപ്പം നിന്ന് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. തുടർന്ന് എൽഡിഎഫിന് ഭരണം നഷ്ടമാവുകയും ചെയ്തു. ഇതിന് ശേഷമാണ് തൃണമൂൽ കോൺഗ്രസിന്റെ നിലമ്പൂർ മണ്ഡലം പ്രസിഡന്റുകൂടിയായ നുസൈബയുടെ ഭർത്താവിന് ഭീഷണി ഫോൺകോൾ എത്തിയത്.
2020-ലെ തിരഞ്ഞെടുപ്പിൽ 10 വീതം അംഗങ്ങളാണ് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചിരുന്നത്. തുടർന്ന് നറുക്കെടുപ്പിലൂടെ വത്സമ്മ സെബാസ്റ്റ്യൻ പഞ്ചായത്ത് പ്രസിഡന്റായി. ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിലും യുഡിഎഫിന് തന്നെയായിരുന്നു വിജയം.
എന്നാൽ 15 മാസത്തെ ഭരണം പൂർത്തിയായപ്പോഴേക്കും മുസ്‌ലിംലീഗ് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചിരുന്ന എംകെ നജ്മുന്നീസയെ യുഡിഎഫിൽ നിന്ന് അടർത്തിയെടുത്ത് എൽഡിഎഫിന്റെ ഭാഗമാക്കിയാണ് പഞ്ചായത്തിൽ ഇടതുഭരണം കൊണ്ടുവന്നത്. അന്ന് അതിന് നേതൃത്വംകൊടുത്തിരുന്നത് അന്നത്തെ എംഎൽഎ ആയിരുന്ന പിവി അൻവർ ആയിരുന്നു. ഇപ്പോൾ തിരിച്ച് യുഡിഎഫ് പക്ഷെത്തെത്തിച്ചതും അതേ അൻവർ തന്നെ.