കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. പാലായിൽ ക്രിസ്ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാണി സാർ സഹായിച്ചിട്ടുണ്ട്. എല്ലാവർക്കും കൊടുക്കുമ്പോൾ പൊട്ടും പൊടിയും എസ്എൻഡിപി യൂണിയന് തന്നിട്ടുണ്ട്. എന്നാൽ മകൻ സൂത്രക്കാരനാണ്. കോട്ടയം രാമപുരത്ത് മീനച്ചിൽ- കടുത്തുരുത്തി എസ്എൻഡിപി ശാഖാസംഗമത്തിൽ സംസാരിക്കവേയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന.
ഞാനൊരു വർഗീയവാദിയല്ല. എന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞത്. സമുദായത്തിന്റെ പ്രശ്‌നങ്ങൾ പറയുമ്പോൾ അത് എങ്ങനെ വർഗീയതയാകും. ലീഗിനോട് പറയേണ്ട കാര്യങ്ങൾ ലീഗിനോട് തന്നെ പറയണം. അതിന്റെ ബാധ്യത എനിക്കുണ്ട്- വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം തന്റെ മലപ്പുറം പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും അദ്ദേഹം വിമർശിച്ചു. പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത എംഎൽഎമാർ ഇല്ല. എന്നാൽ നാഴികയ്ക്ക് നാൽപ്പതു വട്ടം മതേതരത്വം പറയുന്നെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.