ബീജിങ്: ചൈനയിൽ പഠിക്കുന്ന ഒരു ഇന്ത്യൻ എൻജിനീയറിങ് വിദ്യാർത്ഥിനി പങ്കുവച്ച തന്റെ യൂണിവേഴ്സിറ്റി ഹോസ്റ്റൽ വീഡിയോ ശ്രദ്ധേയമാവുകയാണ്. വീഡിയോ ഓൺലൈനിൽ ശ്രദ്ധ നേടുന്നു. സലോനി ചൗധരി എന്ന ഈ വിദ്യാർത്ഥിനി തൻ്റെ വ്ലോഗിലൂടെ ഷെൻഷെനിലെ ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിനിയുടെ ജീവിതമാണ് കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിച്ചത്. ‘ഹായ് ഞാൻ ഇന്ത്യയിൽ നിന്നാണ്, ഈ വീഡിയോയിൽ ചൈനയിലെ ഷെൻഷെനിലുള്ള തന്റെ യൂണിവേഴ്സിറ്റി ഡോർമിറ്ററി നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്” എന്ന് പറഞ്ഞാണ് സലോനി യൂട്യൂബിൽ പങ്കുവെച്ച വീഡിയോ തുടങ്ങുന്നത്. ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടം സലോനി എടുത്തുകാണിക്കുന്നുണ്ട്.
17-ാം നിലയിലാണ് സലോനിയുടെ ഡോം. ഐഡി കാർഡുകളും ഫേസ് ഐഡന്റിറ്റി സംവിധാനമോ ഉപയോഗിച്ചാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. നാല് പേർക്ക് താമസിക്കാവുന്ന, “സൂപ്പർ ക്യൂട്ട്, കോസി” എന്ന് വിശേഷിപ്പിച്ച ഹോസ്റ്റൽ മുറിയും സലോനി കാണിച്ചു. കുളിമുറിയും ഡ്രസ്സിംഗ് ഏരിയയും വിദ്യാർത്ഥികൾക്ക് സൗജന്യമായി വാഷിംഗ് മെഷീനുകൾ ഉപയോഗിക്കാവുന്ന ലോൺട്രി റൂമും സലോനി പരിചയപ്പെടുത്തുന്നുണ്ട്.
പൂർണ്ണ സ്കോളർഷിപ്പോടെയാണ് താൻ പഠിക്കുന്നതെന്നും ട്യൂഷൻ ഫീസും ഹോസ്റ്റൽ ചെലവുകളും സ്കോളർഷിപ്പ് വഴി ലഭിക്കുന്നുണ്ടെന്നും സലോനി വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. ഇത് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഒരു “അനുഗ്രഹം” ആണെന്നും അവർ സൂചിപ്പിച്ചു. “ചൈനയിലെ വിദ്യാർത്ഥി ജീവിതം എങ്ങനെയാണെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്കും ഇവിടെ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ആലോചിക്കുന്നവർക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ എന്നും അവർ പറയുന്നു.
അതേസമയം, സലോനിയുടെ വീഡിയോ വലിയ സ്വീകാര്യത നേടി. “സി-ഡ്രാമകളിൽ ഇത്രയും മനോഹരവും ആകർഷകവുമായ ഡോം മുറികൾ അവർ വെറുതെ കാണിക്കുന്നതാണെന്ന് കരുതി, പക്ഷെ നിങ്ങൾ അത് സത്യമാണെന്ന് തെളിയിച്ചു. നിങ്ങളുടെ ഹോസ്റ്റൽ മുറി ഒരു സി-ഡ്രാമയിൽ നിന്ന് നേരിട്ട് എടുത്തതുപോലെ, എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. പല ഉപയോക്താക്കളും അവരുടെ ഹോസ്റ്റൽ അനുഭവങ്ങളുമായി സലോനിയുടെ ഡോമിനെ താരതമ്യം ചെയ്യുന്നുണ്ടായിരുന്നു.