തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജീവചരിത്രം ഡോക്യുമെന്ററി ആകുന്നു, ‘പിണറായി ദ ലെജൻഡ്’ എന്നപേരിലാണ് ഡോക്യുമെന്ററി. സിപിഎം സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് പിന്നിൽ. രണ്ടാം പിണറായി വിജയൻ സർക്കാർ നാലാംവർഷത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് ഡോക്യുമെന്ററി ഒരുങ്ങുന്നത്.
വ്യക്തി, രാഷ്ട്രീയജീവിതം എന്നിവയും മുഖ്യമന്ത്രി എന്നനിലയിലുള്ള നേട്ടങ്ങൾ, സംഭാവനകൾ എന്നിവയുമാണ് ഇതിവൃത്തം. 15 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. 21-ന് സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ വാർഷികാഘോഷവേളയിൽ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. മുഖ്യമന്ത്രി എന്നനിലയിൽ കേരളത്തിനു നൽകിയ സംഭാവനകൾ വിശദീകരിക്കുന്നതാണ് ചിത്രമെന്നാണ് അസോസിയേഷന്റെ വിശദീകരണം.
നേരത്തേ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിയെ വാഴ്ത്തിക്കൊണ്ട് ഗാനം ആലപിച്ചതും വിവാദമായിരുന്നു. വ്യക്തികേന്ദ്രീകൃത ആരാധനയ്ക്ക് പാർട്ടി എതിരാണെന്നു പറയുമ്പോഴും പോഷകസംഘടനകൾ മുഖ്യമന്ത്രിയെ വാഴ്ത്തുന്നുവെന്നായിരുന്നു വിമർശനം. ചെമ്പടയ്ക്കു കാവലാൾ, ചെങ്കനൽ കണക്കൊരാൾ എന്ന ഗാനം മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ടാണ് പാടിയത്. സെൻട്രൽ സ്റ്റേഡിയമാണ് വേദിയായത്.