തിരുവനന്തപുരം: സംസ്ഥാനത്തു കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും കത്തിപ്പുകഞ്ഞുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സയ്ക്കയാണ് മുഖ്യമന്ത്രി പോകുന്നത്. ഇന്ന് അർദ്ധരാത്രിയോടെ മുഖ്യമന്ത്രി യാത്ര തിരിക്കും. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് യാത്ര ചെയ്യുന്ന കാര്യം രാജ്ഭവനെ അറിയിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ പകരം ചുമതല ആർക്കും നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്.
യു എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. 2018ലാണ് ആദ്യമായി ചികിൽസയ്ക്ക് പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറിൽ തന്റെ ഒന്നാം സർക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നത്.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ആശുപത്രിയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങി കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിക്കുകകൂടി ചെയ്തതോടെ വിവാദം കത്തിപ്പടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. ഇതിനിടെ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.