കോഴിക്കോട്: സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓരോ തിരഞ്ഞെടുപ്പിലും ഓരോ തരത്തിലുള്ള വർഗീയതയെ മുഖ്യമന്ത്രി താലോലിക്കുകയാണെന്നും മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയതയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയ നിലപാട് ആണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാർ.
അതുകൊണ്ടാണ് രണ്ട് തിരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹത്തിൽ മതനിരപേക്ഷ നിലപാട് ആണ് ആവശ്യം. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ‘തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി തിരുത്തണ്ട‘ എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിൽ ‘വിജയസാധ്യത’ മാത്രമായിരിക്കും യുഡിഎഫിന്റെ പ്രധാന മാനദണ്ഡമെന്ന് ചെന്നിത്തല വ്യക്തമാക്കി.
വരാനിരിക്കുന്ന നേതൃക്യാമ്പിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശദമായി ചർച്ച ചെയ്യും. ഇതിനുശേഷമായിരിക്കും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടത്തുക. കഴിഞ്ഞ തവണ 53% യുവാക്കളെയും സ്ത്രീകളെയും പരിഗണിച്ചിരുന്നുവെന്നും, യുവാക്കൾക്ക് പ്രാധാന്യം നൽകുന്നത് മുതിർന്ന നേതാക്കളെ മാറ്റിനിർത്താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













