ചേലക്കര: രക്ഷപെടുത്താനുള്ള ശ്രമങ്ങളെയെല്ലാം വിഭലമാക്കി ചേലക്കര കൂട്ട ആത്മഹത്യയിൽ ചികിത്സയിലായിരുന്ന നാലു വയസുകാരനും മരിച്ചു. മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെയും ഷൈലജയുടെയും മകൻ അക്ഷയ് ആണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്ഷയ് ഇന്ന് രാവിലെയാണ് മരിച്ചത്. പ്രദീപിന്റെ മരണത്തെ തുടർന്നാണ് ഷൈലജ രണ്ട് മക്കൾക്കും വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം മൂത്തമകൾ ഏഴ് വയസ്സുകാരിയായ അണീമയാണ് മരിച്ചത്. പിന്നാലെ ഷൈലജയും യാത്രയാവുകയായിരുന്നു.
വൃക്ക തകരാറിലായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഷൈലജയുടെ ഭർത്താവ് പ്രദീപ് (സുന്ദരൻ-42) സെപ്റ്റംബർ രണ്ടിനാണ് മരിച്ചത്. ഭർത്താവ് മരിച്ചതിന്റെ ഇരുപതാം നാൾ ഷൈലജ ഐസ്‌ക്രീമിൽ വിഷം ചേർത്ത് മക്കൾക്ക് നൽകിയും സ്വയം കഴിച്ചും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു. സെപ്റ്റംബർ 22-നായിരുന്നു സംഭവം. ഏഴ് വയസുകാരിയായ അണീമ മണിക്കൂറുകൾക്കകം മരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ ഷൈലജയും മരിച്ചു. ഒരാഴ്ചയ്ക്ക് ശേഷം എളയ മകൻ അക്ഷയ്‌യും യാത്രയായി.
അതേസമയം സിജിഇഎം എൽപി സ്‌കൂളിലെ എൽകെജി വിദ്യാർഥിയാണ് അക്ഷയ്. കുടുംബം കൂട്ട ആത്മഹത്യശ്രമം നടത്തി ഒരു ദിവസത്തിന് ശേഷമാണ് നാട്ടുകാരും ബന്ധുക്കളും വിവരമറിയുന്നത്. സെപ്റ്റംബർ 22 തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രദീപിന്റെ മരണാനന്തരച്ചടങ്ങുകൾ കഴിഞ്ഞ് മേപ്പാടത്തുള്ള സ്വന്തം വീട്ടിൽ ഷൈലജയും കുട്ടികളും എത്തുന്നത്. മേപ്പാടത്തുനിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള ചാക്കപ്പൻപടിയിലാണ് പ്രദീപിന്റെ തറവാട്. മരണാനന്തരച്ചടങ്ങുകൾ കഴിഞ്ഞ് തിങ്കളാഴ്ച വീട്ടിലെത്തിയ ഇവരെ ബന്ധുക്കൾ വിളിച്ച് ഫോണിൽ സംസാരിച്ചിരുന്നു.
എന്നാൽ ചൊവ്വാഴ്ച വൈകീട്ട് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിനകത്ത് വിഷം കഴിച്ച നിലയിൽ മൂവരേയും കണ്ടെത്തിയത്. ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അണിമ മരിച്ചിരുന്നു.