രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം. രണ്ട് വര്‍ഷം മുമ്പ് എല്‍ഐസിയിലെ ഓഹരികള്‍ ഐപിഒയിലൂടെ വിറ്റഴിച്ചിരുന്നു. അതിന് ശേഷമാണ് സര്‍ക്കാര്‍ വീണ്ടും 2 മുതല്‍ 3 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്നത്.
സെബി നിയമങ്ങള്‍ പ്രകാരം, 2027 മെയ് മാസത്തോടെ കേന്ദ്ര സര്‍ക്കാര്‍ എല്‍ഐസിയിലെ ഓഹരി 10 ശതമാനം കുറയ്ക്കണം, ഒറ്റയടിക്ക് വില്‍ക്കുന്നതിന് പകരമായാണ് ചെറിയ ഭാഗങ്ങളായി ഓഹരികള്‍ വില്‍ക്കുന്നത്. കനത്ത നഷ്ടം നേരിടുന്ന ഓഹരി വിപണി തിരിച്ചുവന്നതിന് ശേഷമായിരിക്കും ഓഹരി വില്‍പന. എല്‍ഐസിയില്‍ നിലവില്‍ കേന്ദ്ര സര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
2022 മെയ് മാസത്തില്‍, 3.5 ശതമാനം ഓഹരി പൊതുജനങ്ങള്‍ക്ക് വിറ്റു. ഈ ഐപിഒയിലൂടെ 21,000 കോടി രൂപ കേന്ദ്രം സമാഹരിച്ചു. എല്‍ഐസിയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 4.8 ലക്ഷം കോടി രൂപയാണ്. ഇത് കണക്കാക്കി നോക്കുമ്പോള്‍ 3 ശതമാനം വരെ ഓഹരികള്‍ വില്‍ക്കുമ്പോള്‍ 9,500 കോടി രൂപ- 14,500 കോടി രൂപ വരെ സമാഹരിക്കാന്‍ കഴിയും.