ബെംഗളൂരു: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരേ കേസെടുത്ത് ബെംഗളൂരു പോലീസ്. ചാമുണ്ഡി ദൈവത്തെ വികലമായി അനുകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. നവംബർ 28-ന് ഗോവ അന്താരാഷ്ട്രാ ചലച്ചിത്ര മേളയുടെ സമാപനവേദിയിൽ രൺവീർ ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ’ എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതാണ് പരാതിക്കാധാരം.
വേദിയിൽ രൺവീർ സിങ് പഞ്ചുരുളി/ ഗുളിക ദൈവത്തെ പരിഹാസ്യമായി അവതരിപ്പിച്ചു. ‘കാന്താര’യിലെ നായകൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിൽ ചാമുണ്ടി ദൈവത്തെ ‘പെൺപ്രേതം’ എന്ന് വിശേഷിപ്പിച്ചു. ദൈവഭാവങ്ങളെ വികലമായി ചിത്രീകരിക്കരുതെന്ന് അഭ്യർഥിച്ചിട്ടും രൺവീർ പ്രവൃത്തി തുടർന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതിക്കാരൻ. തീരദേശ കർണാടകയിലെ പരമ്പരാഗത ഭൂതകോല ആചാരങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ചാമുണ്ടി തന്റെ കുടുംബ ദേവതയാണെന്നും പരാതിക്കാരൻ പറയുന്നു. രൺവീർ സിങ്ങിന്റെ നടപടികൾ ബോധപൂർവവും ദുരുദ്ദേശപരവും മതവിശ്വാസം വ്രണപ്പെടുത്താനും സമുദായങ്ങൾക്കിടയിൽ കുഴപ്പം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും പ്രശാന്ത് മെത്തൽ ആരോപിച്ചു. ബെംഗളൂരു ഒന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിക്കുമുമ്പാകെ വന്ന സ്വകാര്യ അന്യായത്തിലാണ് തുടർനടപടി.














































