കൊച്ചി: നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. തായ്‍ലൻഡിൽ നിന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച 6.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പിടികൂടിയത്. ഇതിന് 6.4 കോടി രൂപ വില വരും. കഞ്ചാവ് എത്തിച്ച വയനാട് സ്വദേശി അബ്ദുൾ സമദിനെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈ വർഷം മാത്രം വിമാനത്താവളത്തിൽ പിടികൂടിയത് 107 കോടി രൂപയുടെ ലഹരി മരുന്നാണ്.
തായ്‍ലൻഡിലെ ബാങ്കോക്കിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് ശേഖരിച്ച് വിയറ്റ്നാം വഴിയാണ് അബ്ദുൾ സമദ് കൊച്ചിയിലെത്തിയത്. ലഗേജ് പരിശോധിച്ച കസ്റ്റംസ്, മറ്റു വസ്തുക്കൾക്കിടയില്‍ ഒളിപ്പിച്ച നിലയിൽ ഇത് കണ്ടെടുക്കുകയായിരുന്നു. ആർക്കു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് കസ്റ്റംസ് പറഞ്ഞു. തായ്‍ലൻഡില്‍ നിന്നെത്തിച്ച 4.1 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കാപ്പ കേസ് പ്രതിയായ ഇരിങ്ങാലക്കുട സ്വദേശി സെബി ഷാജുവിനെ ഓഗസ്റ്റിൽ കസ്റ്റംസ് പിടികൂടിയിരുന്നു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നു ഹൈബ്രിഡ് കഞ്ചാവും കൊക്കെയ്ൻ അടക്കമുള്ള രാസലഹരികളും വ്യാപകമായി ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. ഇതിന്റെ പ്രധാന കടത്തു കേന്ദ്രങ്ങളിലൊന്നായാണ് ലഹരിസംഘം കൊച്ചിയെ കണക്കാക്കുന്നത്. ഇക്കഴിഞ്ഞ മാസങ്ങളിലും തെക്കുകിഴക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തിച്ച ലഹരി കൊച്ചിയിൽ പിടികൂടിയിരുന്നു. ജൂലൈയിൽ നെടുമ്പാശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നു പുറത്തെടുത്തത് 17 കോടി രൂപയുടെ 163 കൊക്കെയ്ൻ ഗുളികകളാണ്.
			



































                                






							






