തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അംഗീകാരം. കേന്ദ്രനിയമത്തിൽ ഭേദഗതി ലക്ഷ്യമിട്ടാണ് ബിൽ. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിൽ വെടിവച്ചുകൊല്ലാൻ വരെ അനുമതി നൽകുന്ന തരത്തിലാണ് ബിൽ തയാറാക്കിയിരിക്കുന്നത്. ബിൽ പാസായാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് വന്യമൃഗത്തെ വെടിവെച്ചുകൊല്ലാൻ തന്നെ ഉത്തരവിടാൻ അധികാരമുണ്ടാകും. ഇതോടെ കളക്ടറോ, അല്ലെങ്കിൽ ഏതെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥനോ അറിയിച്ചാൽ തന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡന് വന്യമൃഗത്തെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടാൻ അധികാരമുണ്ടാകും എന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട വ്യവസ്ഥ.
അതേസമയം ബിൽ സഭയിൽ പാസായാൽ ഗവർണറുടെയും രാഷ്ട്രപതിയുടെയും ഉൾപ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്. നിലവിൽ അക്രമകാരിയായ ഒരു മൃഗത്തെ ഇത്തരത്തിൽ വെടിവെച്ചുകൊല്ലണമെങ്കിൽ വലിയ നടപടിക്രമങ്ങളാണുള്ളത്.
അതുപോലെ വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച ബില്ലും അംഗീകരിച്ചു.