കൊച്ചി: എംപിമാരെല്ലാം സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ്, ജോൺ ബ്രിട്ടാസ് ഫലപ്രദമായി ഇതൊക്കെ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല ഇടപെടൽ ശേഷി എംപിമാർക്ക് ഇടയിൽ ബ്രിട്ടാസിനുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള നടപടിയല്ല ബ്രിട്ടാസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീയിലെ ജോൺ ബ്രിട്ടാസിന്റെ മധ്യസ്ഥത സംബന്ധിച്ച ചോദ്യത്തോടായിരുന്നു കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന വിവേചനപൂർവമായ നടപടികളെ ഇവിടുത്തെ പ്രതിപക്ഷം കഴിഞ്ഞ ലോക്സഭയിൽ എതിർത്തിട്ടില്ല. പലപ്പോഴും കേരള സർക്കാരിനെ എതിർക്കാനാണ് അവർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ് എംപിമാർ. ആ പ്രവർത്തനം ഏറിയും കുറഞ്ഞും വിവിധതലങ്ങളിൽ എംപിമാർ നടത്താറുണ്ട് എന്നത് വസ്തുതയാണ്. ജോൺ ബ്രിട്ടാസ് ഫലപ്രദമായി ഇതൊക്കെ ചെയ്യുന്നുണ്ട്. നല്ല ഇടപെടൽ ശേഷി എംപിമാർക്ക് ഇടയിൽ ബ്രിട്ടാസിനുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള നടപടിയല്ല ബ്രിട്ടാസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാര വികേന്ദ്രീകരണം നാടിന്റെ വളർച്ചയ്ക്ക് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം കേരളത്തിന്റെ പ്രത്യേകത അംഗീകരിക്കുകയാണ്. ഇത് കൂടുതൽ കരുത്തുറ്റതാക്കാനുള്ള സമീപനമാണ് വോട്ടർമാർ സ്വീകരിക്കേണ്ടത്. വിദേശ രാജ്യങ്ങൾ പോലും കൊച്ചിയിലെ വാട്ടർ മോട്രോയുമായി ബന്ധപ്പെട്ട് ആ രാജ്യത്ത് ഇത് പ്രാവർത്തികമാക്കാൻ നോക്കുകയാണ്. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലൂടെ കൊച്ചിയിലെ വെള്ളക്കെട്ടിനു പരിഹാരം കാണാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ പോലീസ് ഫലപ്രദമായി പ്രവർത്തിച്ച് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന്റെ നടപടി മാതൃകാപരമാണെന്ന് പറയാൻ പറ്റുമോ?. ചില കോൺഗ്രസ് എംഎൽഎമാർ ഇത്തരം കുറ്റത്തിനു ജയിലിൽ കിടന്നതാണ്. അവരെ കോൺഗ്രസ് പുറത്താക്കിയോ. സാധാരണഗതിയിൽ പ്രതീക്ഷിക്കാൻ കഴിയുന്ന കാര്യങ്ങളല്ല രാഹുലിന്റെ കേസിൽ വന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതമാണ് ഉണ്ടായത്. ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തിയാണ് ഉണ്ടായത്. അത്തരമൊരു പൊതുപ്രവർത്തകനെ ആരോപണങ്ങൾ വന്നപ്പോൾ തന്നെ മാറ്റിനിർത്തുകയല്ലേ ചെയ്യേണ്ടിയിരുന്നത്. ഇതെല്ലാം നേതൃത്വം നേരത്തേ അറിഞ്ഞ ശേഷം ഭാവിയിലെ നിക്ഷേപമെന്ന് പറഞ്ഞ് അവതരിപ്പിക്കുകയാണോ ചെയ്യേണ്ടിയിരുന്നത്. കോൺഗ്രസ് മഹത്തായ പാരമ്പര്യമുള്ള ഒരു പാർട്ടിയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘‘ഇയാളെ തൊട്ട് ആരെങ്കിലും പറഞ്ഞാൽ അവർക്കു നേരെ അസഭ്യ വർഷമാണ്. ഇതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണോ. ഏതെങ്കിലും പാർട്ടിയിൽ സംഭവിക്കുമോ. കോൺഗ്രസ് നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ നേതാവ് സംസാരിക്കുമ്പോഴാണ് പിന്നിൽ നിന്ന് അണികൾ ബഹളം വയ്ക്കുന്നത്. ആരും ഇയാളെ തൊടാൻ പാടില്ലെന്നാണ് പറയുന്നത്. ഇത്തരമൊരു സംരക്ഷണവലയം എന്തിനാണ് ഒരുക്കാൻ തയാറായത്. നമുക്ക് ആ വിഷയം വിടാം. അത് തന്നെ ഇങ്ങനെ പറഞ്ഞുക്കൊണ്ട് ഇരിക്കേണ്ട’’ – മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ശബരിമലയിലെ അന്വേഷണത്തെപ്പറ്റി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പറയുന്നത് ഔചിത്യമല്ലെന്നും പിണറായി പറഞ്ഞു. അന്വേഷണത്തിൽ പൂർണ തൃപ്തി രേഖപ്പെടുത്താം. ഇക്കാര്യത്തിൽ ആര് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്ന നടപടി പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണഗതിയിൽ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ജയകുമാറിന് എതിരായ ബി. അശോകിന്റെ ഹർജി. ദേവസ്വം ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് സർക്കാർ നിശ്ചയിച്ച പ്രകാരമാണ് ജയകുമാർ മാറിയത്. ജയകുമാർ ഐഎഎസിൽ നിന്ന് വിരമിച്ചയാളാണ്. ആ നിലയ്ക്ക് അദ്ദേഹം സർവീസിന്റെ ഭാഗമെന്ന് പറയാൻ കഴിയില്ല. ജയകുമാറിനെ ദേവസ്വം ബോർഡ് ചെയർമാനാക്കിയപ്പോൾ നല്ല പൊതുസ്വീകാര്യതയാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ പേര് അയ്യപ്പ ഭക്തരെല്ലാം നല്ല നിലയ്ക്കാണ് സ്വാഗതം ചെയ്തത്. നിഷ്പക്ഷമായി കാര്യങ്ങൾ നിർവഹിക്കാൻ പറ്റിയ ചടുലതയുള്ള ആളാണ് ജയകുമാറെന്നും മുഖ്യമന്ത്രി ഇരട്ടപ്പദവിയോട് പ്രതികരിച്ചു.
















































