കോഴിക്കോട്: സഹോദരിമാരായ വയോധികരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരന്‍ മരിച്ചതായി സൂചന. തലശ്ശേരിയിൽ കണ്ടെത്തിയ അറുപത് വയസുള്ള ആളിന്റെ മൃതദേഹം ഇവരുടെ സഹോദരൻ പ്രമോദിന്റേതാണെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകിട്ടാണ് കുയ്യാലി പുഴയിൽ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് വിശദമായ പരിശോധനകൾ നടത്തുകയാണ്.
ഇതിനായി ബന്ധുക്കളുമായി പോലീസ് ആശയവിനിമയം നടത്തി. അതേസമയം പ്രായമായ സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇവർക്കു സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും കണ്ടെത്തൽ.
കഴിഞ്ഞ 9ന് നഗരത്തിൽ കരിക്കാംകുളം ഫ്ലോറിക്കൻ റോഡിനു സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണം ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം ഒപ്പം കഴിഞ്ഞിരുന്ന സഹോദരൻ പ്രമോദിനെ (62) കാണാതായിരുന്നു. ഇയാൾക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് തലശ്ശേരിയിൽ നിന്ന് ഇയാളുടേതെന്ന് സംശയിക്കുന്ന ഒരു മൃതദേഹം കണ്ടെത്തിയത്.
അതേസമയം സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണു കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിയാണു മരിച്ചതെന്നാണു പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. തളർന്നു കിടപ്പിലായിരുന്നു ശ്രീജയ. ശ്രീജയ മരിച്ചുവെന്നു പ്രമോദ് ബന്ധു ശ്രീജിത്ത് ബാബുവിനെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. തുടർന്നു ശ്രീജിത്തും ബന്ധുക്കളും ആറോടെ വീട്ടിൽ എത്തിയപ്പോഴാണു 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരങ്ങളെ ജീവനു തുല്യം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു വർഷങ്ങളായി ഒപ്പം നിൽക്കുകയായിരുന്നു പ്രമോദ്. വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാർക്ക് വേണ്ടി ജീവിതം നീക്കിവച്ചയാളാണ് പ്രമോദ്. ഇവരെ നോക്കാൻ സാധിക്കാതെ വന്നപ്പോഴാണു കൊലപാതകമെന്നാണ് നിഗമനം.