പള്ളുരുത്തി: പള്ളുരുത്തിയിൽ പാലിയേറ്റീവ് കെയർ കേന്ദ്രത്തിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ തമ്മിൽ പരസ്പരം മാറി. കുമ്പളങ്ങി സ്വദേശിയുടെ മൃതദേഹമാണ്, മാറിയെടുത്ത് പള്ളുരുത്തി പള്ളിയിൽ സംസ്കരിച്ചത്. കുമ്പളങ്ങി സ്വദേശി ആന്റണിയുടെ മൃതദേഹം പള്ളുരുത്തിയിലെ പാലിയേറ്റീവ് കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. വിദേശത്തുള്ള അദ്ദേഹത്തിന്റെ ബന്ധു വരുംവരെ മൃതദേഹം പാലിയേറ്റീവ് കേന്ദ്രത്തിൽ സൂക്ഷിക്കുകയായിരുന്നു. തുടർന്നു വെള്ളിയാഴ്ച വിദേശത്തുനിന്ന് ബന്ധു സ്ഥലത്തെത്തി, മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് ആളുമാറിയത് അറിയുന്നത്. പിന്നാലെ പാലിയേറ്റീവ് കേന്ദ്രത്തിലെ അധികൃതരോട് വിവരം പറഞ്ഞു. അതേസമയം രണ്ടാമത്തെ മൃതദേഹം സംസ്കരിച്ചിരുന്നു.
ആന്റണിയുടേത് കൂടാതെ പള്ളുരുത്തി സ്വദേശി പീറ്ററിന്റെ മൃതദേഹവുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പീറ്ററിന്റെ മൃതദേഹമാണെന്നു കരുതി ആന്റണിയുടെ മൃതദേഹമാണ് പള്ളുരുത്തിയിൽ നിന്നുള്ളവർ കൊണ്ടുപോയത്. അവർ പള്ളിയിൽ ചടങ്ങുകൾ കഴിച്ച്, വ്യാഴാഴ്ച തന്നെ അവിടുത്തെ പള്ളിയിൽ അടക്കുകയും ചെയ്ത്. ഇവർക്ക് വീട്ടിൽ സൗകര്യങ്ങളില്ലാത്തതിനാൽ മൃതദേഹം നേരിട്ട് പള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതുകൊണ്ട് വീട്ടിൽ പൊതുദർശനമുണ്ടായിരുന്നില്ല.
മൃതദേഹങ്ങൾ പരസ്പരം മാറിയ കാര്യം മനസിലായതോടെ, പാലിയേറ്റീവ് കേന്ദ്രം അധികൃതരും നാട്ടുകാരും ഇടപെട്ടു. അവർ പള്ളുരുത്തിയിൽ മൃതദേഹം അടക്കിയ പള്ളിയിലെത്തി. മൃതദേഹം മാറിയാണ് സംസ്കരിച്ചതെന്ന് പള്ളിയിലും അറിയിച്ചു. ഉടനെ പള്ളി അധികൃതർ ഇടപെട്ടു. ഇരുകൂട്ടരും സംസാരിച്ച് ധാരണയിലെത്തി. പള്ളിയിൽ സംസ്കരിച്ച ആന്റണിയുടെ മൃതദേഹം പോലീസിന്റെ സാന്നിധ്യത്തിൽ പുറത്തെടുത്തു. തുടർന്ന് ഈ മൃതദേഹം കുമ്പളങ്ങിയിലേക്ക് കൊണ്ടുപോയി. കുമ്പളങ്ങിയിലെ പള്ളിയിൽ ശുശ്രൂഷ നടത്തി സംസ്കരിക്കുകയായിരുന്നു. പീറ്ററിന്റെ മൃതദേഹം ബന്ധുക്കൾ ചേർന്ന് പള്ളുരുത്തിയിലെ പള്ളിയിൽ കൊണ്ടുവന്നു സംസ്കരിച്ചു.