കോഴിക്കോട്: എസ്ഐആറിന്റെ പേരിലുള്ള കടുത്ത ജോലി സമ്മർദത്തെ തുടർന്ന് അനീഷ് ജോർജ് ജീവനൊടുക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ഇന്ന് ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ് ബിഎൽഒമാർ. അമിത ടാർഗറ്റ് നൽകുന്നതിനാൽ ബിഎൽഒമാർ കടുത്ത ജോലി സമ്മർദത്തിലാണെന്ന് ബിഎൽഒമാരുടെ കൂട്ടായ്മ പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മർദത്തെ തുടർന്ന് ജോലി ചെയ്യാനാവാത്ത സാഹചര്യമാണെന്നും ഇവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ജീവനക്കാർ പറയുന്നു. ചില ബിപിഒമാരുടെ വാക്കുകൾ ഇങ്ങനെ-
”പുലർച്ചെ വീട്ടിൽനിന്നിറങ്ങണം. വീടുകയറുന്ന തിരക്കിനിടയ്ക്ക് ഭക്ഷണം മറക്കും. എന്നിട്ട് രാത്രി സ്വന്തം വീട്ടിലെത്തിയാലോ, അവിടെ അടുക്കളയിൽ കിടപ്പുണ്ട് ബാക്കി ജോലി.” -അറുപതുകാരിയായ ബിഎൽഒയുടെ വിഷമസ്വരം. ”മൂന്നുതവണ ഒരു വീട്ടിൽ പോയി. മൂന്നുതവണയും ആളില്ല. അങ്ങനെവന്നാൽ ഫോം വീട്ടിൽവെച്ച് പോരാനാണ് നിർദേശം. പക്ഷേ, ധൈര്യംപോരാ. ഫോം കിട്ടാതെവന്നാൽ വീട്ടുകാർ പറയും, ഞങ്ങൾ കൊടുത്തിട്ടില്ലെന്ന്.” -പലരും പങ്കിട്ടു ഇതേ പ്രശ്‌നം.
”ചിലയിടത്തു പട്ടിശല്യം ഭയങ്കരമാ. കടിച്ചു, കടിച്ചില്ലാന്നുള്ള മട്ടാ. ഞങ്ങളെ പട്ടികടിച്ചാൽ മക്കൾക്ക് ഞങ്ങളില്ലാതാവും. കളക്ടർമാർക്ക് മീഡിയയുടെ മുന്നിൽപ്പോയി എണ്ണം തികച്ചൂന്ന് പറഞ്ഞാ മതി. കളക്ടറോട് ഞങ്ങളുമായി ഓൺലൈൻ മീറ്റിങ് നടത്താൻ പറ. ഞങ്ങള് പറയാം കാര്യങ്ങൾ. അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കണമെങ്കിൽ ഒരു ദിവസമെങ്കിലും കൂടെവന്നുനോക്കണം. ഞങ്ങളും മനുഷ്യരാണ്, ഓർക്കണം”…
”ചില വീടിന് രണ്ടും മൂന്നും ഗേറ്റുണ്ടാവും. ബെല്ലടിച്ച് കാത്തുനിൽക്കണം. എന്നാലും ഗേറ്റുതുറക്കാതെ അകത്തിരുന്ന് നിരീക്ഷിക്കും. എന്നിട്ട് പതുക്കെയേ തുറക്കൂ. അത്രനേരം വെയിലുംകൊണ്ടുനിൽക്കണം. ചിലർ വിരട്ടിവിടും. ഞങ്ങളെന്ത് തെറ്റുചെയ്തു?”. പത്തുദിവസമായി ഊണില്ല, ഉറക്കമില്ല, മനസ്സമാധാനം തീരെയില്ല. ഇപ്പോഴിതാ, കൂട്ടത്തിലൊരാൾ ജീവൻ വെടിഞ്ഞതിന്റെ ആഘാതവും… ഈ സമ്മർദം എത്രനാൾ താങ്ങണം…
അതുപോലെ അഡ്രസ് കൃത്യമല്ലാത്തതുകൊണ്ട് ചില വീടുകളിൽ ഫോമെത്തിക്കാൻ കഴിയുന്നില്ല. വോട്ടർപട്ടികയിൽ പേരുവന്നില്ലെങ്കിലോ എന്ന പേടിയിൽ ബിഎൽഒമാരുടെ നമ്പർ തപ്പിപ്പിടിച്ചുവിളിക്കുന്നവരുണ്ട്. ചിലർ ചീത്തപറയും. എല്ലാം സഹിച്ച് കാലുവെന്ത പട്ടിയെപ്പോലെ ഓടുന്ന ബിഎൽഒമാരെന്നും ചിലർ പറയുന്നു.

















































