ചെന്നൈ: ഡിഎംകെയെ അധികാരത്തിൽനിന്നു പുറത്താക്കും വരെ താനിനി കാലിൽ ചെരിപ്പണിയില്ലെന്ന ശപഥം പിൻവലിച്ച് ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാർ നാഗേന്ദ്രന്റെ അഭ്യർഥനയെ തുടർന്നാണ് ചെരുപ്പണിഞ്ഞത്. നൈനാർ ചുമതലയേറ്റ ചടങ്ങു നടന്ന വേദിയിൽ പുതിയ ചെരിപ്പ് അണ്ണാമലൈ ധരിച്ചു.
2024 ഡിസംബർ അവസാനമാണ് അണ്ണാമലൈ ഉഗ്ര ശപഥം ചെയ്തത്. ഡിഎംകെയെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തിരുന്നു. മാത്രമല്ല നേരത്തെ ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നടന്ന ലൈംഗികാതിക്രമ സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരായ പ്രതിഷേധ സൂചകമായി അണ്ണാമലൈ ആറ് തവണ സ്വയം അടിക്കുകയും ചെയ്ത് പ്രതിഷേധിച്ചിരുന്നു.
അതേസമയം എൻഡിഎ വിട്ട എഐഎഡിഎംകെ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും അണ്ണാമലൈയെ മാറ്റുമെന്ന ഉറപ്പ് ലഭിച്ചതോടെ മുന്നണിയിലേക്ക് തിരിച്ചുവന്നിരുന്നു. അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നേരത്തെ ഇപിഎസിന്റെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെ എൻഡിഎ മുന്നണി വിട്ടത്.