കണ്ണൂര്‍: ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്നാണ് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടിയുടെ ഭീഷണി പ്രസംഗം. ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നെഞ്ചില്‍ നിന്നും കണ്ണീര്‍ വീഴ്ത്തുമെന്നും അര്‍ജുന്‍ സിപിഐഎം നേതാക്കളെയും പൊലീസിനെയും വെല്ലുവിളിച്ചു.
‘എല്ലാ ഉദ്യോഗസ്ഥന്മാരോടും പറയുന്നു. ശക്തമായി തന്നെ തിരിച്ചടിക്കും. പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കോ സിപിഐഎമ്മുകാര്‍ക്കോ സംശയം വേണ്ട. നിങ്ങള്‍ തുടങ്ങിവെച്ച യുദ്ധം അവസാനിപ്പിക്കുക ഞങ്ങള്‍ തന്നെയായിരിക്കും. ഇവിടെയുള്ള ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയാ സെക്രട്ടറി എല്ലാവരുടെയും വീടുകള്‍ ഞങ്ങള്‍ക്കറിയാം. ഓരോരുത്തരുടേയും വീടുകളിലേക്ക് ബോംബെറിയാന്‍ ഞങ്ങള്‍ക്ക് സാധിക്കും.
നിങ്ങളുടെ മക്കള്‍ എവിടെ പഠിക്കുന്നോ, എവിടെയെല്ലാം പോകുന്നോ ഇതൊക്കെ ഞങ്ങള്‍ക്കറിയാം. ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്നും കണ്ണീര്‍ വരുത്താന്‍ സാധിക്കും. അത് ചെയ്യുക തന്നെ ചെയ്യും. പ്രദേശം സമാധാനത്തോടെ പോകാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചെയ്യേണ്ടത് ഉദ്യോഗസ്ഥര്‍ ചെയ്യുക. ഇല്ലെങ്കില്‍ ഞങ്ങള്‍ നിയമം കയ്യിലെടുക്കും’, എന്നായിരുന്നു അര്‍ജുന്റെ പ്രസംഗം.