പത്തനംതിട്ട: കേരള സർക്കാർ സംഘടിപ്പിച്ച് ആഗോള അയ്യപ്പ സംഗമത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. പത്തനംതിട്ടയിൽ സംഘപരിവാർ സംഘടനകൾ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അണ്ണാമലൈ. ഒരു മനുഷ്യന് നരകത്തിലേക്ക് പോകാൻ ആവശ്യമായതെന്ന് ഭഗവത്ഗീതയിൽ പറയുന്ന കാമം, കോപം, അത്യാഗ്രഹം എന്നീ മൂന്ന് കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയനിലും കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും ഉണ്ട്. അതുകൊണ്ട് ഭാഗവത്ഗീത വായിച്ച് സ്വയം നന്നാവൂ, അല്ലാതെ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്ന് അണ്ണാമലൈ പരിഹസിച്ചു.
‘നിങ്ങളെപ്പോലെ സനാതന ധർമത്തെ സംരക്ഷിക്കുന്നവരിൽ ഒരാളായാണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത്. സെപ്റ്റംബർ 20നു ആശ്ചര്യമുണർത്തുന്ന ഒരു കാര്യത്തിന് നാം സാക്ഷ്യം വഹിച്ചു; ആഗോള അയ്യപ്പ സംഗമം. ലോകത്തിലുള്ള എല്ലാ അയ്യപ്പ ഭക്തന്മാരെയും കൂട്ടിയിണക്കി കേരളത്തിലെ സർക്കാരാണ് ആ പരിപാടി നടത്തിയത്. പക്ഷെ ആ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട പ്രധാന അതിഥി ആരായിരുന്നു എന്നതാണ് രസം. സനാതന ധർമത്തെ അടിമുടി എതിർക്കുന്ന തമിഴ്‌നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി സ്റ്റാലിൻ. അപ്പോൾ തന്നെ മനസിലായില്ലേ അവരുടെ ഉദ്ദേശമെന്താണെന്ന്?’ അണ്ണാമലൈ ചോദിച്ചു.
‘സ്റ്റാലിനാണെങ്കിൽ സനാതന ധർമത്തെ വേരോടെ പിഴുതെറിയണം എന്ന് വിശ്വസിക്കുന്ന, അതിനുവേണ്ടി പ്രയത്‌നിക്കുന്ന ആളാണ്. അദ്ദേഹം മാത്രമല്ല, ആ കുടുംബം മുഴുവൻ അങ്ങനെയാണ്. ഡെങ്കിപ്പനി പടർത്തുന്ന കൊതുകിനെ പോലെയാണ് സനാതന ധർമമെന്നും, അതിനെ ബാക്കിവെയ്ക്കാതെ നശിപ്പിക്കണം എന്നും പറഞ്ഞയാളാണ് സ്റ്റാലിന്റെ മകൻ ഉദയനിധി. അങ്ങനെയുള്ള സ്റ്റാലിനെ ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചപ്പോൾ തന്നെ മനസിലായില്ലേ അത് അയ്യപ്പനുവേണ്ടി നടത്തിയ പരിപാടി അല്ല എന്ന്.’ അദ്ദേഹം പറഞ്ഞു.
‘അതുകൊണ്ടുതന്നെ ജനങ്ങളെ പറ്റിച്ച് അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് വാങ്ങുക എന്ന ലക്ഷ്യത്തോടെ മാത്രം സംഘടിപ്പിച്ച ഒരു പരിപാടിയാണ് അത്. അയ്യപ്പൻ നാസ്തിക ബ്രഹ്‌മചാരിയാണെങ്കിൽ പിണറായി വിജയനും സ്റ്റാലിനും ‘നാസ്തിക ഡ്രാമാചാരി’കളാണെന്നും അണ്ണാമലൈ പരിഹസിച്ചു. പിണറായിയെ ജനങ്ങൾ അത് തിരിച്ചറിഞ്ഞു, അതുകൊണ്ടാണ് പരിപാടിക്ക് പങ്കെടുക്കാൻ ആളുകളില്ലാഞ്ഞത്. ഒഴിഞ്ഞ കസേരകളിൽ കഷ്ടപ്പെട്ടാണ് അവർ കുറച്ച് ആളുകളെയെങ്കിലും ഒപ്പിച്ചത്.’
‘2018-’19 വർഷങ്ങളിൽ, ഒരു കോടതി ഉത്തരവിന്റെ പേരിൽ അയ്യപ്പഭക്തരെ തല്ലിച്ചതച്ചവർക്ക് ഇങ്ങനെ ഒരു സംഗമം നടത്താൻ എന്ത് അവകാശമാണുള്ളത്. കഴിഞ്ഞ വർഷം പഴനിയിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ സർക്കാർ ‘ആഗോള മുരുക സംഗമം’ നടത്തിയിരുന്നു. അതിന്റെ മറ്റൊരു മുഖമാണ് ആഗോള അയ്യപ്പ സംഗമത്തിൽ കണ്ടത്. ഒരു കള്ളൻ ചെയ്യുന്ന കാര്യങ്ങൾ തൊട്ടടുത്തുള്ള കള്ളനും കണ്ടുപഠിച്ച് ചെയ്യുകയാണ്. സനാതന ധർമത്തെ അടിമുടി എതിർക്കുന്നവരാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ ഭരണത്തിലുള്ള പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാക്കളും പ്രവർത്തകരും.’ ബിജെപി നേതാവ് പറഞ്ഞു.
‘ദൈവങ്ങളെപ്പറ്റി സംസാരിക്കാൻ ഒരവകാശവും ഇല്ലാത്തവരാണ് പിണറായിയും സ്റ്റാലിനും. ദൈവമില്ല എന്ന് വിശ്വസിക്കുന്ന ഒരു പാർട്ടിയിലെ അംഗമായ പിണറായി വിജയൻ ഇന്നൊരു വേദിയിൽവന്ന് ഭഗവത്ഗീതയെപ്പറ്റി നമ്മളോട് സംസാരിക്കുന്നു. ഭഗവത്ഗീതയിലെ ഒരു ഭാഗം വായിച്ച്, ഒരു ഭക്തൻ എങ്ങനെയായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു. ഭഗവത്ഗീതയിലെ മറ്റൊരു വാക്യം അദ്ദേഹം വായിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അവിടെ ഇങ്ങനെ പറയുന്നു; ഒരു മനുഷ്യന് നരകത്തിൽ പോകാൻ മൂന്ന് വഴികളാണുള്ളത്; കാമം, ക്രോധം, ലോഭം. ഇത് മൂന്നും ഇന്ന് ഉള്ളത് കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും അവരുടെ നേതാവ് പിണറായി വിജയനിലുമാണ്. അതുകൊണ്ട് ഭാഗവത്ഗീത വായിച്ച് സ്വയം നന്നാവൂ, അല്ലാതെ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട.’ അണ്ണാമലൈ കൂട്ടിച്ചേർത്തു.