തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. കോഴിക്കോട്, കാസർകോട്, കണ്ണൂർ, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപിയുടെ പ്രതിഷേധ മാർച്ച്. കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോഗിച്ചിരിക്കുകയാണ്. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോവാതെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരിക്കുകയാണ്.
നിലവിൽ മാർച്ച് തുടരുകയാണ്. കോഴിക്കോടിന് പുറമെ കാസർകോടും മാർച്ചിൽ സംഘർഷമുണ്ടായി. സ്വർണ്ണക്കൊള്ളയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒരുപാട് ക്ഷേത്രങ്ങളിൽ സ്വർണ്ണ കവർച്ച ഉണ്ടായെന്ന് കോഴിക്കോട്ടെ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്കും കൂട്ടർക്കും സ്വർണ്ണം ഒരു വീക്ക് നെസ് ആണ്. എവിടെ കണ്ടാലും അടിച്ച് മാറ്റും. ചരിത്രത്തിൽ കുപ്രസിദ്ധ സ്വർണ്ണ മോഷ്ടാവ് ഔറങ്കസീബാണ്. ഒരുപാട് ക്ഷേത്ര സ്വർണ്ണം അയാൾ കൊള്ളയടിച്ചു.
പിണറായി ഔറങ്കസീബിനെക്കാൾ വലിയ സ്വർണ്ണക്കള്ളനാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നിന്ന് സ്വർണ്ണം കവരാൻ പിണറായിയുടെ നേതൃത്വത്തിൽ ആസൂത്രിത നീക്കം നടത്തുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്ന തിരുനെല്ലി ക്ഷേത്രത്തിലെ 8 കോടി രൂപ സിപിഎം അടിച്ചുമാറ്റി. എല്ലായിടത്തും ദേവസ്വ കവർച്ച. ഒന്നും മിണ്ടുന്നില്ല പിണറായി. പോറ്റി ആരാണ്?. മുഖ്യമന്ത്രിയുടെ ആളാണ്. പോറ്റി ആരാണ് എന്ന് മുഖ്യമന്ത്രി പറയണം. അയാൾ ഇടനിലക്കാരനും അവതാരവുമാണ്. ശരബരിമലയിലേത് ഇരട്ടക്കൊള്ള. ശബരിമലയിലെ സംരക്ഷകരാണ് ദ്വാരപാലകർ. പിണറായി സർക്കാർ രണ്ട് വർഷം കൂടി പിന്നിട്ടാൽ അയ്യപ്പനെ വരെ അടിച്ചു മാറ്റും. കോൺഗ്രസും അമ്പലക്കള്ളൻമാരാണെന്നും സർക്കാർ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും സുരേന്ദ്രൻ പറഞ്ഞു.