ശരിക്കും ബിഹാറിലെ തെരഞ്ഞെടുപ്പ് തലവേദനയുണ്ടാക്കുന്നത് ബിജെപിക്കാണെന്നു പറയാം. ഇന്ത്യാ മുന്നണിക്ക് ഭരണം തിരിച്ചുപിടിക്കാനുള്ള അവസരമാണെങ്കിൽ കയ്യാലപ്പുറത്തിരിക്കുന്ന സഖ്യ കക്ഷികളെ അങ്ങോട്ടോ, ഇങ്ങോട്ടോ വീഴിക്കാതെ നോക്കണ്ട ഉത്തരവാദിത്വമാണ് ബിജെപിക്ക്. അതേസമയം ബിഹാർ വിധിയെഴുതാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. സീറ്റ് വിഭജന ചർച്ചകളും, സീറ്റ് ലഭിക്കാത്തതിനുള്ള പ്രതിഷേധങ്ങളുമൊക്കെയായി ഇരു മുന്നണികളും ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലാണ്. കോൺഗ്രസിനേയും ഇന്ത്യ മുന്നണിയേയും സംബന്ധിച്ചിടത്തോളം ബിഹാർ തിരഞ്ഞെടുപ്പ് വളരെ നിർണായകമായ രാഷ്ട്രീയ പരീക്ഷണമാണ്. ബിഹാറിൽ ജയിച്ചാൽ അത് വഴി ദേശീയ രാഷ്ട്രീയത്തിൽ ഒരു മാജിക് സൃഷ്ടിക്കാൻ ആകുമെന്ന് പ്രതിപക്ഷം ആത്മാർത്ഥമായി തന്നെ കരുതുന്നുണ്ട്. എന്തുകൊണ്ടാണ് ബിഹാർ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വളരെ പ്രധാനപ്പെട്ടതാകുന്നത്? ബിഹാറിൽ ഇന്ത്യ മുന്നണിയുടെ ഒരു സർക്കാർ രൂപീകരിക്കപ്പെട്ടാൽ രാജ്യത്ത് വലിയ അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷം കരുതുന്നത് എന്തുകൊണ്ടാണ് ? ബിഹാറിൽ പ്രതിപക്ഷം കാണുന്ന പ്രതീക്ഷ എന്താണ്. പരിശോധിക്കാം:
ബിഹാർ ജയിക്കാനായാൽ അത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് ആകാൻ ഇടയുണ്ടെന്ന് ഒട്ടനവധി രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നുണ്ട്. കന്യാകുമാരിൽ നിന്നും കശ്മീരിലേക്ക് കാൽനടയായി യാത്ര ചെയ്ത ഭാരത് ജോഡോയും, ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനവും രാഹുൽ ഗാന്ധിയെ ഇരുത്തം വന്ന രാഷ്ട്രീയക്കാരൻ ആക്കിയിരുന്നു. എന്നാൽ ഇന്ത്യയുടെ ജനാധിപത്യത്തെ ബിജെപി ആക്രമിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ട് മോഷണം രാഹുലിന്റെ ഇമേജിനെ അവിശ്വസനീയകരമായ രീതിയിൽ മാറ്റി. രാഷ്ട്രീയത്തിൽ തൽപരരല്ല എന്നു വിലയിരുത്തപ്പെട്ട ജെൻസിയെ കൊണ്ടുപോലും രാഷ്ട്രീയം സംസാരിപ്പിക്കാൻ രാഹുലിനും വോട്ട് ചോരി വെളിപ്പെടുത്തലുകൾക്കും സാധിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്ന ബാറ്റ്മാൻ എന്ന വിശേഷണവും ജെൻസി രാഹുൽ ഗാന്ധി അണിയിച്ചു നൽകി.
ഇത്തരത്തിൽ ഒരു പുതിയ രാഹുലിനെയാണ് രാജ്യം കഴിഞ്ഞ ഏതാനും മാസങ്ങളായി കാണുന്നത്. എന്നാൽ രാഹുലിന്റെ വോട്ട് മോഷണ വെളിപ്പെടുത്തലുകളും, വോട്ടർ അധികാർ യാത്രയും ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചു എന്നതിനപ്പുറം അവ ആൾക്കൂട്ടത്തെ എത്രമാത്രം വോട്ടാക്കി മാറ്റി എന്ന് വിലയിരുത്താൻ പോകുന്നത് ഒരുപക്ഷേ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് തന്നെയാകും. കോൺഗ്രസ് 60 താഴെ സീറ്റുകളിൽ മത്സരിപ്പിക്കുമ്പോൾ പോലും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാൻ ഇന്ത്യ മുന്നണിക്ക് കഴിഞ്ഞാൽ അത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിൽ സൃഷ്ടിക്കാനിടയുള്ളത് വലിയൊരു വഴിത്തിരിവാകും. നിലവിൽ തന്നെ യുവജനങ്ങൾക്കിടയിൽ രാഹുൽഗാന്ധിക്ക് നരേന്ദ്രമോദിയേക്കാൾ ജനസമ്മതിയുണ്ട്, വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിക്ക് വിജയിക്കാൻ കൂടി കഴിഞ്ഞാൽ അത് ബിജെപിക്ക് തൊടാൻ പോലും കഴിയാത്ത രാഷ്ട്രീയ നേതാവാക്കി രാഹുൽ ഗാന്ധിയെ മാറ്റും. ആ ഒരു പരിണാമത്തിനുള്ള തുടക്കം ബിഹാർ ആണെന്ന് കോൺഗ്രസിന് ബോധ്യമുള്ളതുകൊണ്ടാണ് ബിഹാർ ജയിച്ചാൽ മറ്റു പലതും കൂടിയാണ് ജയിക്കുന്നതെന്ന് കോൺഗ്രസ് വിശ്വസിക്കുന്നതിനുള്ള ഒരു പ്രധാന കാരണം.
”ഇന്ത്യ മുന്നണി ബിഹാർ ജയിച്ചാൽ കേന്ദ്രത്തിൽ ഭരണം മാറും” എന്ന് കരുതുന്നവർ വളരെ കൂടുതലാണ്. രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ ബിഹാറിലേക്ക് കേന്ദ്രീകരിക്കുന്നതിനുള്ള പ്രധാന കാരണവും ഇതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാത്ത ബിജെപി നിലവിൽ ഭരിക്കുന്നത് സഖ്യകക്ഷികളുടെ പിന്തുണയിലാണ്. ബിഹാറിൽ അധികാരം നഷ്ടപ്പെട്ടാൽ പിന്നെ നിതീഷ് കുമാർ ബിജെപി സഖ്യത്തിൽ തുടരാൻ ഇടയില്ല. ജെഡിയുവിന്റെ 12 ലോക്സഭാ സീറ്റുകളുടെ കൂടി പിൻബലത്തിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുന്നത്. അതുകൊണ്ടുതന്നെ നിതീഷ് കുമാർ ഒരു മുന്നണി മാറ്റം നടത്തിയാൽ അത് ചെറിയ രീതിയിൽ ആയിരിക്കില്ല ബിജെപിയെ ബാധിക്കാൻ പോകുന്നത്. നിതീഷ് കുമാർ മുന്നണി മാറുന്ന ഒരു സാഹചര്യം ഉണ്ടായാൽ ചന്ദ്രബാബു നായിഡുവിനെ കൂടി ഇപ്പുറത്തേക്ക് എത്തിച്ച് കേന്ദ്രസർക്കാറിനെ വലിച്ചു താഴെയിടാൻ പ്രതിപക്ഷം ശ്രമിക്കുമെന്നത് തീർച്ചയാണ്. ഇന്ത്യ മുന്നണി ബിഹാറിൽ ജയിച്ചാൽ പല മാജിക്കുകളും സംഭവിക്കുമെന്ന് വിശ്വസിക്കുന്നതും ഇതുകൊണ്ടാണ്. അതായത് ചുരുക്കിപ്പറഞ്ഞാൽ ബിഹാറിന്റെ ജനവിധി കേവലം ബിഹാറിന്റ തലവരെ മാത്രം സംബന്ധിക്കുന്ന ഒരു കാര്യമല്ല.
ബിഹാറിൽ ഇന്ത്യ മുന്നണിക്ക് ജയിക്കാനായാൽ അത് ബിജെപിയുമായുള്ള സഖ്യകക്ഷികളുടെ സമീപനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടയുണ്ട്. പ്രാദേശിക കക്ഷികളുമായി കൂട്ടുകൂടുകയും ശേഷം വരുന്ന തിരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളെ വിഴുങ്ങി ശക്തിപ്പെടുകയും ചെയ്യുന്ന ബിജെപിയുടെ സമീപനത്തെ പൂർണമായും തുറന്നുകാട്ടാൻ ശേഷിയുള്ളതാണ് ബിഹാർ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ ജെഡിയുവിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നാൽ അത് രാജ്യത്താകമാനം ബിജെപിക്കൊപ്പം കൈകോർത്തിട്ടുള്ള സഖ്യകക്ഷികളെ ഇരുത്തി ചിന്തിപ്പിക്കാൻ ഇടയാക്കും. ബിജെപിയും ജെഡിയുവും ഒരേ എണ്ണം സീറ്റുകളിലാണ് മത്സരിക്കുന്നത് എന്നത് ജെഡിയുവിനുള്ളിൽ വലിയ പ്രശ്നങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം കൂടി അവർക്കെതിരായാൽ ജെഡിയു ഉൾപ്പെടെയുള്ള എൻഡിഎ സഖ്യകക്ഷികൾ ബിജെപിക്കെതിരെ തിരിയും. അത് ബിഹാർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ വരാൻ പോകുന്ന മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളെയും കാര്യമായി തന്നെ സ്വാധീനിക്കും.
ബിഹാർ തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാൻ ഇടയുള്ള മറ്റൊരു സംഗതി മുകളിൽ നാം പരാമർശിച്ച 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ആണ്. ബിഹാറിൽ ഇന്ത്യ മുന്നണിക്ക് ജയിക്കാൻ കഴിഞ്ഞാൽ അത് കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും. ബിഹാറിൽ ചർച്ച ചെയ്യാവുന്ന വോട്ട് മോഷണം മുതൽ വില കയറ്റം വരെ ഈ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സാഹചര്യമുണ്ടായാൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും നിൽകക്കള്ളിയില്ലാതെ വരും. ചുരുക്കം പറഞ്ഞാൽ ബിഹാർ തിരഞ്ഞെടുപ്പ് വിജയിക്കാനായാൽ അത് രാജ്യവ്യാപകമായി തന്നെ കോൺഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും വലിയൊരു തിരിച്ചുവരവിന് ഇടയാക്കും എന്ന കണക്കുകൂട്ടലുകൾ തന്നെയാണ് എന്തുവിലകൊടുത്തും ബിഹാർ വിജയിപ്പിക്കാൻ പ്രതിപക്ഷത്തെ പ്രചോദിപ്പിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദിയുടെ പോപ്പുലാരിറ്റിക്ക് വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ബിഹാർ ഉൾപ്പെടെയുള്ള നിർണായകമായ സംസ്ഥാന തെരഞ്ഞെടുപ്പുകൾ കൂടി വിജയിക്കാൻ ആയില്ലെങ്കിൽ ബിജെപിക്കുള്ളിൽ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ പടയൊരുക്കം ഉണ്ടാവാൻ ഇടയുണ്ടെന്നും ദേശീയ രാഷ്ട്രീയത്തിൽ വിലയിരുത്തലുകൾ ഉണ്ട്. നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും നിലവിലെ സാഹചര്യത്തിന് സമാനമായ ഒരു മുന്നണി ഭരണം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ബിഹാർ തിരഞ്ഞെടുപ്പ് ഫലം നിതീഷ് കുമാറിനെയോ , ചന്ദ്രബാബു നായിഡുവിനെയോ മറുചേരിയിൽ എത്തിച്ചാൽ മുന്നണി രാഷ്ട്രീയത്തിൽ കാര്യമായ പരിചയമില്ലാത്ത മോദിക്ക് ആ വെല്ലുവിളികളെ അതിജീവിക്കുക എന്നത് ഏറെ പ്രയാസകരമായിരിക്കും.
ബിഹാർ ഒരു ഭാഗത്ത് പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷകളും ഭരണപക്ഷത്തിന് ഭയവുമാണ് ഒരേസമയം സമ്മാനിക്കുന്നത്. ഇരുകൂട്ടർക്കും ബിഹാർ വിജയിച്ചേ മതിയാവുകയുള്ളൂ. കോൺഗ്രസിനെ സമ്മതിച്ചിടത്തോളം തിരിച്ചുവരവിനുള്ള ഒരു സുവർണ്ണ അവസരമാണ് ബിഹാർ മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ബിഹാർ പോളിംഗ് ബൂത്തുകളിലേക്ക് പോകുന്നതിനു മുന്നേ തന്നെ രാഹുൽ ഗാന്ധി തന്റെ പക്കലുള്ള ഹൈഡ്രജൻ ബോംബ് പൊട്ടിക്കാനും സാധ്യത വളരെ കൂടുതലാണ്. ബിഹാറിലെ ജനങ്ങൾ പ്രതിപക്ഷത്തിന് കരുത്തേകുമോ അതോ ഭരണപക്ഷത്തിന് ആശ്വാസം ആകുമോ എന്ന് നവംബർ 14ന് നമുക്ക് മനസിലാകും.