ബെംഗളൂരു: ബെംഗളൂരുവിലെ ബാഗലഗുണ്ടെയിലെ എം.ഇ.ഐ ലേഔട്ടിൽ 27കാരിയായ ഐടി ജീവനക്കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രണയത്തിലായിരുന്ന യുവാവുമായുള്ള ബന്ധത്തിന് അല്പായുസാണെന്ന ജ്യോതിഷിയുടെ പ്രവചനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം.
വിദ്യാജ്യോതി എന്ന യുവതി കുടക് വംശജനായ മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. ആദ്യം എതിർത്തെങ്കിലും യുവതിയുടെ ആഗ്രഹപ്രകാരം ഇരുവരുടെയും കുടുംബങ്ങളും വിവാഹത്തിന് സമ്മതം നൽകിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
എന്നാൽ അടുത്തിടെ യുവതിയുടെ മാതാപിതാക്കൾ ഒരു ജ്യോതിഷിയെ സമീപിച്ചിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനകം ദമ്പതികൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകാനും അത് വേർപിരിയലിലേക്ക് നയിക്കാനുമുള്ള സാധ്യതയുണ്ടെന്നായിരുന്നു ജ്യോതിഷിയുടെ പ്രവചനം. ഇത് ഒഴിവാക്കുന്നതിനായി ഒൻപത് ദിവസത്തെ പ്രത്യേക പൂജ നടത്തണമെന്നായിരുന്നു ജ്യോതിഷിയുടെ നിർദേശം. തുടർന്ന് കുടുംബം ഈ പൂജ ആരംഭിച്ചു.
പൂജയുടെ ഒൻപതാം ദിവസമാണ് യുവതി ജീവനൊടുക്കിയത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് വിദ്യാജ്യോതി തന്റെ മുറിയിലേക്ക് പോയി സീലിംഗ് ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തുവെന്ന് പോലീസ് പറയുന്നു. വൈകുന്നേരം ഏറെ നേരം വാതിൽ മുട്ടിയിട്ടും പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് പിതാവ് വാതിൽ തകർത്ത് തുറന്നപ്പോഴാണ് യുവതിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബാഗലഗുണ്ടെ പോലീസ് അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. എംബിഎ ബിരുദധാരിയാണ് മരിച്ച വിദ്യാജ്യോതി.
















































