മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്രംഗ്‌ദളും ആവശ്യപ്പെട്ടു. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ ബാബ്റി ആവർത്തിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് രാവിലെ 11.30 മുതൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
ഇരു സംഘടനകളും രംഗത്ത് വന്നതോടെ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശവകുടീരം പൊളിച്ചില്ലെങ്കിൽ രാജ്യമാകെയുള്ള കർസേവകരെ ഇവിടേക്ക് എത്തിച്ച് ശവകുടീരം തകർക്കുമെന്നാണ് വി.എച്ച്.പി മുന്നറിയിപ്പ് നൽകുന്നത്. ഔറംഗസേബിന്റെ ശവകുടീരം അടിമത്തത്തിന്റെയും അടിച്ചമർത്തലിന്റെയും ക്രൂരതകളുടെയും ഓർമ്മപ്പെടുത്തലാണെന്ന് വിഎച്ച്പി മേഖലാ തലവൻ കിഷോർ ചവാൻ കുറ്റപ്പെടുത്തി.
ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെമ്പാടും തഹസിൽദാർമാരുടെയും ജില്ലാ കളക്ടർമാരുടെയും ഓഫീസുകൾക്ക് പുറത്ത് പ്രകടനങ്ങൾ നടത്തുമെന്ന് വിഎച്ച്പി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് നിവേദനം നൽകാനും തീരുമാനമുണ്ട്. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിൽ നിന്നുള്ള സംസ്ഥാന മന്ത്രി സഞ്ജയ് ഷിർസാത്ത് ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങളെ അടിച്ചമർത്തുന്നതിൽ കുപ്രസിദ്ധനായ ഒരു ഭരണാധികാരിയുടെ ശവകുടീരം എന്തിന് സംരക്ഷിക്കണമെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം എൻസിപി (എസ്‌പി) നേതാവ് ജിതേന്ദ്ര അവാദ് ഈ നീക്കത്തെ വിമർശിച്ചു. രാവണനില്ലാതെ രാമായണം വിവരിക്കാൻ കഴിയുമോയെന്നും അഫ്‌സൽ ഖാൻ ഇല്ലാതെ പ്രതാപ് ഗഡ് യുദ്ധത്തെക്കുറിച്ച് വിവരിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി എംഎൽഎ അബു ആസ്മി ഔറംഗസേബിനെ പ്രശംസിച്ചതിനെത്തുടർന്ന് ഉണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പ്രതിഷേധം. മാർച്ച് 26 വരെ അബു ആസ്‌മിയെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പൊതുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Hindu outfits threaten ‘Babri-like’ action if Aurangzeb tomb in Maharashtra not razed
AUrangazeb Tomb bajrang dal VHP