കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡൻറ് ആയി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് അയമു ഹാജി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയെ വഞ്ചിച്ചു പുറത്തുപോയ ബി. ഗോവിന്ദനെ പുറത്താക്കിയാണ് ഇന്ന് ഓൺലൈനായി ചേർന്ന സംസ്ഥാന കൗൺസിൽ യോഗം തീരുമാനമെടുത്തത്. ഇതുവരെ യാതൊരു പ്രവർത്തനവും ഇല്ലാതിരുന്ന കടലാസ് സംഘടനയുടെ ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടു എന്ന് തരത്തിൽ കാണുന്ന വാർത്തയ്ക്ക് തങ്ങളുടെ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ അറിയിച്ചു.
കേരളത്തിലെ ബഹുഭൂരിപക്ഷം സ്വർണ്ണ വ്യാപാരികളും സംഘടനയോടൊപ്പം തന്നെ നിലനിൽക്കുകയാണെന്നും നാസർ പറഞ്ഞു. കഴിഞ്ഞദിവസം പോലീസിന്റെ അന്യായ സ്വർണ റിക്കവറി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരത്തോളം സ്വർണ്ണ വ്യാപാരികൾ പങ്കെടുത്ത സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന ധർണ്യ്ക്ക് നേതൃത്വം നൽകിയത് തങ്ങൾ ആണെന്ന് നാസർ പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിലെ എല്ലാ സ്വർണ വ്യാപാരങ്ങളും പങ്കാളികളായി നടത്തിയ ഓണം സ്വർണോത്സവം പരിപാടിയെ തകർക്കാൻ കടലാസ് സംഘടനയുമായി ചേർന്ന് പിന്നിൽ നിന്ന് കുത്തിയവരാണ് ഇപ്പോൾ പുറത്തുപോയിട്ടുള്ളത് എന്നും നാസർ പറഞ്ഞു.
രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയും ആണ് അന്ന് സമ്മാനം നൽകിയത്. ഇതിൻറെ ഒരു ചടങ്ങിലും അന്ന് പ്രസിഡൻറ് സ്ഥാനത്തിരുന്ന ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. ഫെബ്രുവരി 9ന് കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ 112 സംസ്ഥാന കൗൺസിൽ അംഗങ്ങളിൽ 103 പേരും കെ.സുരേന്ദ്രനെ പ്രസിഡണ്ടായി അംഗീകരിച്ചതാണ്. സംസ്ഥാന കൗൺസിൽ നിന്നും പരാജിതനായി ഇറങ്ങിപ്പോയ ഗോവിന്ദനെ തിരിച്ചുവിളിച്ച് സുരേന്ദ്രൻ സ്വമേധയാ ഒഴിവായി നൽകിയ പ്രസിഡൻറ് സ്ഥാനത്ത് ഇരുന്നത് കൊണ്ടാണ് ഇന്ന് ഇത്തരം പ്രവർത്തനം നടത്തിയിരിക്കുന്നത് എന്ന് നാസർ ആരോപിച്ചു. മൂന്ന് സഹോദരങ്ങൾ കടലാസ് സംഘടനയിലേക്ക് പോയാൽ അവരോടൊപ്പം കേരളത്തിലെ ഒരു സ്വർണ്ണ വ്യാപാരിയും പോവുകയില്ലെന്ന് നാസർ അറിയിച്ചു. എത്രയും വേഗം സംസ്ഥാന കൗൺസിൽ വിളിച്ചു ചേർത്ത് നടപടിക്രമങ്ങൾ അനുസരിച്ച് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതാണെന്നും നാസർ അറിയിച്ചു.