ദോഹ/ ടെൽ അവീവ്: ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഖത്തർ രംഗത്ത്. ഇസ്രയേൽ–പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ അവസാനിപ്പിച്ചതായി ഖത്തർ അറിയിച്ചു. ‘ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന പാർപ്പിട സമുച്ചയം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ഭീരുത്വമാർന്ന ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നു’ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
അതുപോലെ ഈ ക്രിമിനൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി.
‘ഖത്തർ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം, ഇസ്രയേലിന്റെ ഈ വിവേകശൂന്യമായ പെരുമാറ്റവും പ്രാദേശിക സുരക്ഷയെ തടസ്സപ്പെടുത്തുന്ന നടപടികളും, തങ്ങളുടെ സുരക്ഷയേയും പരമാധികാരത്തെയും ലക്ഷ്യം വെക്കുന്ന ഒരു പ്രവർത്തനവും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കുന്നു. ഉന്നത തലത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്’ ഖത്തർവിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഇന്നു നടന്ന ആക്രമണങ്ങൾ അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും അനുമതിയോടെയാണ് ഇസ്രയേൽ നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. കാരണം രണ്ട് ദിവസം മുമ്പ് ട്രംപ് ഹമാസിന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി.
ഇതിനിടെ ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ‘ഹമാസിലെ ഉന്നത ഭീകര നേതാക്കൾക്കെതിരായ ഇന്നത്തെ നടപടി പൂർണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേലി സൈനിക നടപടിയായിരുന്നു. ഇതിന് തുടക്കമിട്ടത് ഇസ്രയേൽ, ഇത് നടത്തിയത് ഇസ്രയേൽ, ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തവും ഇസ്രയേൽ ഏറ്റെടുക്കുന്നു’ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഇസ്രയേൽ ലക്ഷ്യമിട്ടത് വെടി നിർത്തൽ ചർച്ചകളുടെ ഭാഗമായി എത്തിയ നേതാക്കളെയാണെന്നാണ് ഹമാസിന്റെ ആരോപണം. ആദ്യമായിട്ടാണ് ഇസ്രയേൽ ഖത്തറിൽ ആക്രമണം നടത്തുന്നത്. ഇതിനിടെ ഖത്തറിന് പിന്തുണയുമായി ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി. ഖത്തറിലെ ഇസ്രയേൽ ആക്രമണത്തെ യുഎഇ അപലപിച്ചു. ഖത്തറിന് പൂർണ്ണ പിന്തുണയെന്ന് യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുള ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
അതേസമയം ആക്രമണത്തിന് പശ്ചാത്തലത്തിൽ അമേരിക്കൻ എംബസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തറിലെ യുഎസ് പൗരന്മാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനാണ് നിർദ്ദേശം. അമേരിക്കൻ പൗരന്മാർ വീടുകൾക്ക് പുറത്തിറങ്ങരുതെന്നും എംബസി അറിയിച്ചു.