തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത ആശ പദ്ധതിയുടെ പേരില്‍ കേരളത്തില്‍ സമരം ആരംഭിച്ച സോഷ്യലിസ്റ്റ് യൂണിറ്റി സന്റര്‍ ഓഫ് ഇന്ത്യ (എസ്.യുസിഐ-SUCI)യുടെ നേതൃത്വത്തിലുള്ള സമരം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കാമ്പെയ്‌നെന്ന് സൂചന. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മികച്ച തൊഴില്‍ സാഹചര്യവും വേതന വ്യവസ്ഥകളുമുണ്ടായിട്ടും തുടര്‍ച്ചയായ ചര്‍ച്ചളില്‍ തെല്ലും അയവുകാട്ടാത്ത സമരം നയിക്കുന്നത് എസ്.യു.സി.ഐ. തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗവും മഹിള സാംസ്‌കാരിക സംഘടന പ്രസിഡന്റുമായ എസ്. മിനിയാണ്.(S.Mini)
എന്നാല്‍, ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യം സമരക്കാര്‍ ഉന്നയിച്ചിട്ടില്ല എന്നും ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അനിശ്ചിതകാല സമരത്തിനു നോട്ടീസ് നല്‍കിയതും രാഷ്ട്രീയവൃത്തങ്ങളും സര്‍ക്കാരും സംശയത്തോടെയാണു നോക്കുന്നത്. കോണ്‍ഗ്രസിന്റെയോ എല്‍ഡിഎഫിലെ ഘടക കക്ഷികളുടെയോ ആശ സംഘടനകള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആശമാരെ സന്നദ്ധ സേവകരില്‍നിന്ന് തൊഴിലാളികളായി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, കേരളത്തില്‍ സമരം ചെയ്യുന്ന, തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എസ് യുസിഐ ഇക്കാര്യം കേരളത്തില്‍ ഉന്നയിക്കുന്നില്ല.
പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവയുമായി ചേര്‍ന്നു നടത്തിയ സമരത്തിന് തീ പകര്‍ന്നത് ഇതേ സംഘടനയാണ്. സമാനരീതിയിലാണ് കേരളത്തില്‍ ആശമാരുടെ സമരവും പുരോഗമിക്കുന്നത്. ഫെബ്രുവരി 10ന് തുടങ്ങിയ ആശമാരുടെ സമരത്തിന്റെ അനിശ്ചിതകാല സമരത്തിന്റെ നോട്ടീസ് നല്‍കിയത് മാര്‍ച്ച് നാലിനു ബിഎംഎസ് ആണെന്നുള്ളതും സര്‍ക്കാര്‍ വൃത്തങ്ങളില്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എസ് യുസിഐ സ്ഥാനാര്‍ഥി എസ്. മിനിയും സ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്നു. ഇതിനു മുമ്പ് ജനകീയ സമരങ്ങളിലും ഇവര്‍ പങ്കാളിയായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമവും മിനിക്ക് വലിയ പിന്തുണയാണു നല്‍കിയത്. എന്നാല്‍, ആകെ 1109 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. ആകെ എട്ടു ലോക്‌സഭാ സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ചിട്ടുണ്ട്. കൊല്ലം, മാവേലിക്കര, ആലപ്പുഴ, കോട്ടയം, എറണാകുളം, ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളാണു മറ്റു മണ്ഡലങ്ങള്‍. തെരഞ്ഞെടുപ്പ് മുഖ്യ അജന്‍ഡയല്ലെന്നും പാര്‍ട്ടിയെ വളര്‍ത്തുകയാണു ലക്ഷ്യമെന്നും പാര്‍ട്ടി സെക്രട്ടറി ജെയ്‌സന്‍ ജോസഫും അന്നു വ്യക്തമാക്കിയിരുന്നു.
2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കെ.കെ. രമയുടെ ആര്‍എംപി, വി.ബി. ചെറിയാന്‍ നയിക്കുന്ന മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) എന്നിവരുമായി ചേര്‍ന്നു മുന്നണിയിലാണ് എസ് യുസിഐ മത്സരിച്ചത്. ആകെ 38 സീറ്റില്‍ മത്സരിച്ചെങ്കിലും പച്ചതൊട്ടില്ല. പാര്‍ട്ടിക്ക് 1200 മുഴുവന്‍സമയ കേഡര്‍മാരുണ്ട്. ഏതാനും ആയിരം അംഗങ്ങളും സംസ്ഥാനത്തുണ്ട്.
സംസ്ഥാനത്തെ ആദ്യ എസ് യുസിഐ യൂണിറ്റ് ആരംഭിച്ചത് കൊല്ലത്തെ ടികെഎം കോളജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ഥികളാണ്. ഇതിനുശേഷം 1970ല്‍ ഇരവിപുരം സീറ്റില്‍ കൊച്ചുചെറുക്കനെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. പാര്‍ട്ടിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ ജെയിംസ് ജോസഫ് 8000 വോട്ടുകള്‍ നേടി.
സിപിഎമ്മില്‍നിന്ന് പലകാരണങ്ങളാല്‍ ഭിന്നിച്ചുപോയ നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ആശ സമരത്തിലൂടെ പാര്‍ട്ടിക്കൊപ്പം കൊണ്ടുവരാന്‍ കഴിഞ്ഞെന്നണ് എസ് യുസിഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആര്‍എംപി പോലുള്ള പാര്‍ട്ടിക്ക് കെ.കെ. രമയിലൂടെ ഒരു എംഎല്‍എയെ ലഭിച്ചെങ്കിലും അതില്‍ കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് കോണ്‍ഗ്രസ് രമയ്ക്കു പിന്തുണ നല്‍കിയത്. എന്നാല്‍, ഇവര്‍ മുന്നണിയുടെ ഭാഗമായിട്ടില്ല. കെ.കെ. രമ ആശ സമരത്തിലെ സ്ഥിരം സാന്നിധ്യമാണ്. കെ.കെ. രമ, എസ്. മിനി എന്നിങ്ങനെയുള്ള നേതാക്കളെ മുന്നണിയില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പുവരെ ആശ സമരം സജീവമാക്കി നിര്‍ത്തുകയാണു ലക്ഷ്യമെന്നു കരുതുന്നു.
ബിജെപിക്കെതിരെയോ മറ്റു പാര്‍ട്ടികള്‍ക്കെതിരേയൊ ആക്രമണമുന തൊടുക്കാത്തത് പിന്തുണ ഭിന്നിച്ചുപോകാതിരിക്കാനാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ആശ സമരത്തില്‍ കേരള സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയാത്ത തുകയാണ് എസ് യുസിഐ ആവശ്യപ്പെടുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് ആശമാരുടെ വേതനം ഗണ്യമായി ഉയര്‍ത്താമെന്നു ഉറപ്പു നല്‍കിയിട്ടും വഴങ്ങാതിരിക്കാനുള്ള കാരണവും ഇതാണെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാന്‍ നടത്തിയ ശ്രമത്തെ എസ് യുസിഐ പരിഹാസത്തോടെയാണു കണ്ടത്. മന്ത്രിക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെതിരേ ഒരു വാക്കുപോലും ഇവര്‍ പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
#suci, #rmpi, #asha #workers, #kerala #elections