തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന ഉപരോധം ആരംഭിച്ചു. സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ആശാവർക്കർമാർ 36 ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ രീതി ഒന്നു മാറ്റിപ്പിടിച്ചിരിക്കുകയാണ് ആശാവർക്കർമാർ. വിവിധ ജില്ലകളിൽ നിന്നുള്ള ആശാവർക്കർമാരെത്തി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സർക്കാരിന്റെയും തൊഴിലാളി സംഘടനകളുടെയും ഭാഗത്ത് നിന്നുണ്ടായ അവഗണനകളെ തുടർന്നാണ് ആശാ വർക്കർമാർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
അതേസമയം സമരത്തിന്റെ ന്യായ യുക്തത എൽഡിഎഫ് കൺവീനറോ, ഇടതുപക്ഷമോ മനസിലാകുന്നില്ലെന്നാണ് ആശാ വർക്കർമാർ പറയുന്നത്. നിലവിൽ കിട്ടുന്ന ഓണറേറിയം 21,000 രൂപയാക്കി വർദ്ധിപ്പിക്കുക, ആശമാർക്ക് വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിനാണ് ഇവർ ദിവസങ്ങളായി രാപകൽ സമരം നടത്തുന്നത്. ആശമാർക്ക് പുറമെ വിവിധ സംഘടനകളും ഉപരോധത്തിൽ പങ്കാളികളായി എത്തിയിട്ടുണ്ട്.
ആശമാർ സെക്രട്ടറിയേറ്റ് ഉപരോധിച്ചതോടെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന കവാടം അടച്ചുപൂട്ടിയിട്ടുണ്ട്. തിരുവനന്തപുരം ഡിസിപി ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇന്ന് വിവിധ ജില്ലകളിൽ ആശാവർക്കർമാർക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്നുമാണ് സമരസമിതിയുടെ മറ്റൊരാവശ്യം. സമരത്തെ അട്ടിമറിക്കാനാണ് സർക്കാർ നീക്കമെന്ന് കവി കുരീപ്പുഴ ശ്രീകുമാറും പ്രതികരിച്ചിരുന്നു. ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം ഇന്നലെ സമരവേദിയിൽ എത്തിയിരുന്നു.