ന്യൂഡൽഹി: സ്വാതന്ത്ര്യദിനാശംസയ്ക്കു വിദ്വേഷ കമന്റുമായെത്തിയാൾക്ക് ചുട്ട മറുപടിയുമായി ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തർ. ‘നിന്റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്റെ ഷൂ നക്കി നടന്നപ്പോൾ എന്റെ പൂർവികർ നാടിന്റെ സ്വതന്ത്ര്യത്തിനുവേണ്ടി മരിക്കുകയായിരുന്നു’, എന്നായിരുന്നു ജാവേദ് അക്തറിന്റെ മറുപടി. സ്വാതന്ത്ര്യദിനാശംസ പങ്കുവെച്ചുള്ള കുറിപ്പിനു താഴെ, ജാവേദ് അക്തറിനോട് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനായിരുന്നു ഒരു എക്‌സ് യൂസറുടെ കമന്റ്. ഇതിനു തക്ക മറുപടിയാണ് ജാവേദ് നൽകിയത്.
‘എല്ലാ ഇന്ത്യൻ സഹോദരീ- സഹോദന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ. സ്വാതന്ത്ര്യം തളികയിൽവെച്ചു നീട്ടികിട്ടിയതല്ലെന്ന് നമുക്ക് മറക്കാതിരിക്കാം. സ്വാതന്ത്ര്യത്തിനായി ജയിലിൽ പോയവരേയും തൂക്കുമരത്തിലേറിയവരേയും നമുക്ക് സ്മരിക്കുകയും ആദരിക്കുകയും ചെയ്യാം. അമൂല്യമായ ഈ സമ്മാനം ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കാം’, എന്നായിരുന്നു ജാവേദ് അക്തറിന്റെ ആശംസ.
ഈ പോസ്റ്റിനു ഇതിന് താഴെ, ‘നിങ്ങളുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14-നാണ്’, എന്നായിരുന്നു ഒരു എക്‌സ് യൂസറുടെ കമന്റ്. ഗോൽമാൽ എന്ന പേരിലുള്ള വെരിഫൈഡ് അക്കൗണ്ടിൽനിന്നാണ് ഈ കമന്റ് പ്രത്യക്ഷപ്പെട്ടത്. ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നാണ് അക്കൗണ്ടിലെ ബയോയിലുള്ളത്. ‘മോനേ, നിന്റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്റെ ഷൂ നക്കി നടന്നപ്പോൾ എന്റെ പൂർവികർ നാടിന്റെ സ്വാതന്ത്രത്തിനുവേണ്ടി മരിക്കുകയായിരുന്നു. തരത്തിൽപ്പോയി കളിക്കെടാ…’, എന്നായിരുന്നു ജാവേദ് അക്തറിന്റെ മറുപടി.