പത്തനംതിട്ട: നെറ്റിയിലുണ്ടായ മുറിവിനൊപ്പം ഉറുമ്പുകളെയും ഉള്ളിലാക്കി ഹോസ്പിറ്റലിൽ നിന്ന്തുന്നിക്കെട്ടിയതായി പരാതി. റാന്നി താലൂക്ക് ആശുപത്രിക്കെതിരെയാണ് റാന്നി സ്വദേശി സുനിൽ എബ്രഹാം പരാതി നൽകിയത്. നെറ്റിയിലെ മുറിവിനൊപ്പമാണ് രണ്ട് ഉറുമ്പുകളെയും തുന്നിച്ചേർത്തത്. സംഭവം പുറത്തറിഞ്ഞത് സിടി സ്കാനെടുത്തപ്പോൾ. പിന്നീട് ജനറൽ ആശുപത്രിയിൽ എത്തി തുന്നൽ നീക്കി ഉറുമ്പുകളെ പുറത്തെടുക്കുകയായിരുന്നെന്നാണ് സുനിൽ പറയുന്നത്.
രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് തലചുറ്റി വീഴുകയായിരുന്നു സുനിൽ. വീണ വീഴ്ച്ചയിൽ നെറ്റിയിൽ മുറിവുണ്ടാവുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച രാത്രി 7.30 ഓടെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അവിടെ വച്ചാണ് മുറിവ് തുന്നിക്കെട്ടിയത്. തുടർന്നു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സി ടി സ്കാൻ എടുക്കാൻ നിർദേശിക്കുകയായിരുന്നു. ജനറൽ ആശുപത്രിയിലേയ്ക്കുള്ള യാത്രക്കിടെ നെറ്റിയിലെ മുറിവിൽ കുത്തിവലിക്കുന്ന വേദന തുടർച്ചയായി അനുഭവപ്പെട്ടിരുന്നതായി സുനിൽ പറയുന്നു. ആശുപത്രിയിലെത്തി സിടി സ്കാൻ എടുത്ത ശേഷം വന്ന റിപ്പോർട്ടിലാണ് മുറിവിനുള്ള രണ്ട് ഉറുമ്പുകൾ ഉള്ളതായി കണ്ടത്.
തുടർന്ന് ജനറൽ ആശുപത്രിയിൽ തുന്നൽ അഴിച്ച് ഉറുമ്പുകളെ നീക്കം ചെയ്യുകയും വീണ്ടും തുന്നിക്കെട്ടുകയായിരുന്നുവെന്നും സുനിൽ പറയുന്നു. അന്യവസ്തു മുറിവിനുള്ളിൽ ഉണ്ടായിരുന്നതായി ജനറൽ ആശുപത്രിയുടെ ചികിത്സ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ചികിത്സ സംബന്ധിച്ച് ആക്ഷേപമുള്ളതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പരാതി ലഭിച്ചിട്ടില്ലെന്നും റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.