തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലർക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമായിരുന്നു പ്രതികൾ. ഇവർ കുറ്റക്കാർ ആണെന്നാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസിൽ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു. ഇതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകും.
തൊണ്ടിമുതൽ കേസിൻറെ നാൾവഴി
*1990 ഏപ്രിൽ 4 – ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഓസ്ട്രേലിയൻ സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ
*61 ഗ്രാം ഹാഷിഷ് ഓയിലാണ് കടത്തിയത്
*90ൽ തന്നെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പത്ത് വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയക്കും ശിക്ഷിക്കുന്നു
*പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സെലിൻ വിൽഫ്രണ്ടിൻറെ ജൂനിയർ ആയിരുന്നു ആൻറണി രാജു
*1994 ൽ ഹൈക്കോടതിയിൽ അപ്പീൽ
*അപ്പീലിൽ ഇയാളെ വെറുതേ വിടുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്
*വിട്ടയച്ചതിനെ തുടർന്ന് സാൽവദോർ സാർലി തിരികെ നാട്ടിലേക്ക് മടങ്ങി
*തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിക്കുന്നു
*തൊണ്ടിയിൽ കൃത്രിമം നടത്തിയെന്ന സൂചനയോടെ ഹൈക്കോടതിയിൽ വിജിലൻസ് റിപ്പോർട്ട് നൽകുന്നു
ഇതിൻറെ അടിസ്ഥാനത്തിൽ 1994ൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു
*കൃത്രിമം നടത്തിയത് കോടതിയിലെ തൊണ്ടി ക്ലർക്ക് ജോസും ആൻറണി രാജുവും ചേർന്ന്
അട്ടിമറിയുടെ ചരിത്രം ഇങ്ങിനെ
സാൽവദോർ സാർലി ജയിലിലായി 4 മാസം കഴിഞ്ഞപ്പോൾ പോൾ എന്ന പേരിൽ ബന്ധു കോടതിയിലെത്തുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കൾ കൈമാറണം എന്ന് ഹർജി നൽകി. പോളും ആൻറണി രാജുവും സ്വകാര്യവസ്തുക്കൾക്കൊപ്പം തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി
പിന്നീട് വിചാരണക്ക് തൊട്ടുമുമ്പാണ് ഇത് കോടതിയിൽ തിരികെ നൽകുന്നത്. ഇക്കാലയളവിനിടെ അടിവസ്ത്രം മുറിച്ച് ചെറുതാക്കി വീണ്ടും തുന്നി
നിലിവിലുള്ള നൂലും മുറിച്ച ശേഷം സ്റ്റിച്ച് ചെയ്ത നൂലും രണ്ട് കളറിൽ.
കേസിലെ പ്രധാന തെളിവായത് ആൻറണി രാജു ഒപ്പിട്ട രേഖ. അടിവസ്ത്രം വെട്ടിച്ചെറുതാക്കിയതായി ഫോറൻസിക് പരിശോധനയിലും തെളിഞ്ഞു. 2005 ൽ ഉത്തരമേഖലാ ഐജിയായിരുന്ന ടി പി സെൻകുമാർ അന്വേഷണത്തിന് ഉത്തരവിടുന്നു
2006ൽ ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആൻറണി രാജു രണ്ടാം പ്രതിയുമായി വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം നൽകുന്നു. 2014 ൽ പ്രത്യേക ഉത്തരവിലൂടെ ജനപ്രതിനിധികൾക്കായുള്ള നെടുമങ്ങാട്ടെ പ്രത്യേക കോടതിയിലെക്ക് കേസ് മാറ്റുന്നു
കേസിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ആൻറണി രാജു ഹർജി നൽകുന്നു. കേസിൽ വിചാരണ നടക്കട്ടെയെന്ന് സുപ്രീംകോടതി പറയുന്നു.

















































