കൊച്ചി: എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍. എംപുരാന്‍ വിവാദം അവസാനിച്ചെന്നും സിനിമയില്‍ വളരെ ചെറിയ മാറ്റങ്ങളാണ് വരുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പൃഥ്വിരാജിനെ ആരും ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഭയമല്ല, നമ്മൾ ഒരു സമൂഹത്തിൽ ജീവിക്കുന്നവരാണല്ലോ. മറ്റുള്ള ആളുകളെ വേദനിപ്പിക്കണമെന്നോ വേറെ ആളുകൾക്ക് വിഷമമുണ്ടാകുന്ന കാര്യങ്ങൾ ഒന്നും ജീവിതത്തിൽ ചെയ്യണമെന്ന് ആഗ്രഹിച്ച് സിനിമ ചെയ്യുന്ന ഗ്രൂപ്പ് അല്ല ഞങ്ങളാരും. മോഹൻലാൽ സാറും അതേ, പൃഥ്വിരാജും അതേ. എന്റെ അനുഭവത്തിൽ അത്തരം കാര്യങ്ങൾ ഞങ്ങൾക്കറിയില്ല, ഞങ്ങൾ കേട്ടിട്ടില്ല.
അങ്ങനെയൊരു അസോസിയേഷനിലും നമ്മൾ പോയിട്ടില്ല. ഈ സിനിമ വന്നപ്പോൾ ഏതെങ്കിലും ആളുകൾക്ക് അതിൽ സങ്കടമുണ്ടെങ്കിൽ, ആ സങ്കടത്തിനെ കറക്ട് ചെയ്യേണ്ട ഉത്തരവാദിത്വം ഒരു സിനിമ നിർമാതാവ് എന്ന നിലയിലും സംവിധായകനും അതിൽ അഭിനയിച്ചവർക്കും ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ വിശ്വാസത്തിന്റെ പേരിൽ ഞങ്ങളുടേതായ ഒരു തീരുമാനമാണ്, ഞങ്ങളൊന്നിച്ച് കൂട്ടായിട്ടെടുത്ത ഒരു തീരുമാനമാണ് അതിലൂടെയാണ് ഈ എഡിറ്റ് നടന്നിരിക്കുന്നത്.
അത് രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് ആ സിനിമയിൽ നിന്ന് മാറ്റിയിരിക്കുന്നത്. ഇത് വേറെയാരുടെയും നിർദേശപ്രകാരമൊന്നുമല്ല. ഞങ്ങളുടെ സ്വന്തം ഇഷട്പ്രകാരം തന്നെയാണ്. ഇനി ഭാവിയിലായാലും നമ്മൾ ഒരു കാര്യം ചെയ്ത് കഴിയുമ്പോൾ ഏതൊരാൾക്കാർക്ക് വിഷമമുണ്ടായാലും അതിനെ അതുപോലെ തന്നെ സമീപിക്കണമെന്ന് വിശ്വസിച്ച് ജീവിക്കുന്നവരാണ് ഞങ്ങളെല്ലാവരും. വലിയ പ്രോബ്ലമുള്ള കാര്യമൊന്നുമില്ല.
മോഹൻലാൽ സാറിന് ഈ സിനിമയുടെ കഥയറിയാം. ഞങ്ങൾക്കെല്ലാവർക്കും അറിയാം. അത് അറിയില്ലായെന്ന് ഞാൻ പറഞ്ഞിട്ടില്ല, ഞങ്ങളാരും പറഞ്ഞിട്ടില്ല. ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.