കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകിട്ട് അഞ്ച് മണിക്കാണ് അദ്ദേഹം ക്ഷേത്രത്തിലെത്തുന്നത്. ആദ്യം വെള്ളിയാഴ്ച എത്തുമെന്നാണ് അറിയിച്ചതെങ്കിലും ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2017 ൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന സമയത്തും അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തിയിരുന്നു. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നും കുടം വച്ച് നമസ്കരിച്ചായിരുന്നു ദർശനം നടത്തിയത്. ഉദ്ദിഷ്ടകാര്യ സിദ്ധിക്കും സർവൈശ്വര്യത്തിനുമാണ് ഈ വഴിപാട്.
രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശിൽപം കഴിഞ്ഞ ആഴ്ച ക്ഷേത്രത്തിൽ അനാഛാദനം ചെയ്തിരുന്നു. ഗവർണർ രാജേന്ദ്ര അർലേക്കറാണ് അനാഛാദനം നിർവഹിച്ചത്. 14 അടി ഉയരവും 4200 കിലോഗ്രാം ഭാരവുമുള്ള ശിൽപമാണ് അനാഛാദനം ചെയ്തത്. ഇതിനു പിന്നാലെയാണ് അമിത് ഷാ സന്ദർശനത്തിനെത്തുന്നത്.
കഴുത്തിൽ രുദ്രാക്ഷമാലയും പാമ്പും ജഡയിൽ ഗംഗയും ശരീരത്തിൽ ചേർത്തുവെച്ച ശൂലവുമായാണ് ശിവരൂപം ഒരുക്കിയത്. ശില്പത്തിന് സമീപം പൂന്തോട്ടവും അലങ്കാരദീപങ്ങളും ഒരുക്കിയിട്ടുണ്ട്. ശില്പി ഉണ്ണി കാനായി നാലുവർഷത്തോളമെടുത്താണ് ശില്പം പൂർത്തിയാക്കിയത്. തളിപ്പറമ്പിലെ പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജനാണ് ശില്പം ക്ഷേത്രത്തിന് സമർപ്പിച്ചത്.