ന്യൂഡൽഹി: ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നീക്കത്തിന് തിരിച്ചടി നൽകാൻ ആലോചിച്ച് ഇന്ത്യയെന്നു സൂചന. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചനയെന്നാണ് റിപ്പോർട്ട്.
അതേസമയം ഇന്ത്യയ്ക്കു മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിൻറെ ഉത്തരവ് വന്നത് കഴിഞ്ഞ ബുധനാഴ്ചയാണ്. നാലു ദിവസത്തിനിപ്പുറവും ഇത് പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ ട്രംപിനെ സമീപിച്ചിട്ടില്ല. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻറ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല. ഇതിലൂടെ അമേരിക്കൻ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇന്ത്യ നല്കിയത്. എന്നാൽ ഇതു മാത്രം മതിയാകില്ല എന്ന വികാരം ബിജെപിയിലും ആർഎസ്എസിലും ശക്തമാകുകയാണ്. അമേരിക്കൻ ഉല്പന്നങ്ങൾക്കും ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കണം എന്ന ആവശ്യം എല്ലാ പാർട്ടികളിൽ നിന്നും ഉയരുന്നുണ്ട്.
അമേരിക്കയിൽ നിന്നുള്ള അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനത്തിന് മുകളിൽ തീരുവ ഏർപ്പെടുത്താനുള്ള ശുപാർശ കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലോകവ്യാപാര കരാറിൻറെ ലംഘനമാണ് അമേരിക്ക നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഇതിനകം ഇന്ത്യ പരാതി നല്കിയിട്ടുണ്ട് എന്നാണ് സൂചന. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന തുണിത്തരങ്ങൾക്കും തീരുവ കുത്തനെ ഉയർത്താനുള്ള നിർദേശവും പരിഗണനയിലുണ്ട്.
അതേസമയം 15 ന് നടക്കുന്ന റഷ്യ – യുഎസ് ചർച്ച നടക്കുമ്പോൾ ഇന്ത്യയ്ക്ക് പിഴ ചുമത്തിയ വിഷയം വ്ളാദിമിർ പുടിൻ ഉന്നയിച്ചേക്കും. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൻറെ പേരിൽ പിഴ ചുമത്തുന്നതിൽ പുടിൻ പ്രതിഷേധം ഉയർത്തും എന്ന സൂചന റഷ്യ ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. അമേരിക്കയുടെ തീരുവ ഏതൊക്കെ മേഖലകളെ ബാധിക്കും എന്ന വിലയിരുത്തൽ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. ചില മേഖലകളെ സഹായിക്കാനുള്ള പാക്കേജ് കേന്ദ്രം ആലോചിക്കും. ഈ മാസം 25ന് വ്യാപാര ചർച്ചകൾക്കായി എത്തേണ്ടിയിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കിയതായി ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.