തിരുവനന്തപുരം: കൂട്ടുകാർ വിളിച്ചതനുസരിച്ച് ഫുട്ബോൾ കളിക്കാനെത്തിയ പതിനെട്ടുകാരനെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തിൽ രണ്ടു പേരെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ സന്ദീപ്, അഖിൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തമ്പാനൂർ അരിസ്റ്റോ തോപ്പിൽ ഡി 47ൽ താമസിക്കുന്ന നെട്ടയം സ്വദേശി അലൻ (18) ആണ് തൈക്കാട് എംജി രാധാകൃഷ്ണൻ റോഡിൽ വച്ച് തിങ്കളാഴ്ച വൈകിട്ട് കുത്തേറ്റു മരിച്ചത്.
സംഭവം ഇങ്ങനെ- ഒരു മാസം മുൻപ് 2 പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബോൾ മത്സരത്തിലുണ്ടായ തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്. ഒത്തുതീർപ്പ് ചർച്ചയ്ക്കായി ഇന്നലെ ഒത്തുകൂടിയ സംഘങ്ങൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. തർക്കത്തിനിടെ ഒരു സംഘം സന്ദീപിനെയും അഖിലിനെയും വിളിച്ചുവരുത്തുകയായിരുന്നു. ആയുധങ്ങളുമായാണ് ഇവർ എത്തിയത്. സംഘർഷത്തിനിടെ അലനെ ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ഇടതു നെഞ്ചിൽ കുത്തുകയായിരുന്നു. മൂർച്ചയുള്ള നീണ്ട ആയുധം ഉപയോഗിച്ചാണ് കുത്തിയത്. ഹൃദയത്തിലേക്ക് ആയുധം തുളഞ്ഞുകയറിയതാണ് മരണകാരണമായത്.
ഉടനെ അലനെ ബൈക്കിൽ നടുക്കിരുത്തിയാണ് സുഹൃത്തുക്കൾ ജനറൽ ആശുപത്രിയിൽ എത്തിച്ചു. നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചു. മഹാരാഷ്ട്രയിൽ മതപഠന വിദ്യാർഥിയാണ് അലൻ. അമ്മ മഞ്ജുള. സഹോദരി ആൻഡ്രിയ ഒരു വർഷം മുൻപ് മരിച്ചു.
സഹോദരി മരിച്ചതോടെ അലൻ പഠനം ഉപേക്ഷിച്ച് മതപഠനത്തിനു ചേരുകയായിരുന്നു. മേയിലാണ് മതപഠന സ്ഥലത്തുനിന്നു നാട്ടിലെത്തിയത്. ജനുവരിയിൽ ഇതിന്റെ ഉന്നത പഠനത്തിന് പുണെയിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇടയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം അലൻ ഫുട്‌ബോൾ കളിക്കാനും കാണാനും പോകുമായിരുന്നു. ഇന്നലെയും അലനെ ഫുട്‌ബോൾ കളിക്കാൻ വിളിച്ചതായിരുന്നു സുഹൃത്തുക്കൾ.


















































