ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ പ്രാബല്യത്തിൽ വന്നതായി ആദ്യം പ്രഖ്യാപിക്കുകയും വിജയം അമേരിക്കയ്ക്കാണെന്ന് ട്രംപ് ഭരണകൂടം കൊട്ടിഘോഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വ്യാപാരക്കരാർ ചർച്ചകളിൽ ഇന്ത്യ സ്വീകരിച്ചത് മുൻപെങ്ങുമില്ലാത്തവിധം കർക്കശ നിലപാടെന്ന് റിപ്പോർട്ട്. അമേരിക്കയുടെ വിരട്ടലും വിലപേശലും വേണ്ടെന്നും വേണമെങ്കിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലം തീരുംവരെ കാത്തിരിക്കാൻ തയാറാണെന്നും മോദി ഗവൺമെന്റ് ട്രംപ് ഭരണകൂടത്തെ ചർച്ചകളിൽ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്
അതേസമയം ട്രംപ് ഏറ്റവുമധികം പകരം തീരുവ ചുമത്തിയ രാജ്യമായിരുന്നു ഇന്ത്യ. വ്യാപാര, പ്രതിരോധ മേഖലകളിൽ ഉൾപ്പെടെ പതിറ്റാണ്ടുകളായി സുഹൃദ് രാഷ്ട്രമായിട്ടും പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത ചങ്ങാതി ആയിട്ടും ട്രംപ് ഇന്ത്യയെയാണ് താരിഫ് യുദ്ധത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത്. ഇതോടെ മോദിയും ട്രംപും തമ്മിലെ സൗഹൃദവും ഇതോടെ മോശമായിരുന്നു. താരിഫ് യുദ്ധത്തിൽ മറ്റ് പല രാജ്യനേതാക്കളും വാഷിങ്ടണിലെത്തുകയും ട്രംപിനെ കാണുകയും ചെയ്തെങ്കിലും, അവരെല്ലാം അമേരിക്കയ്ക്ക് ഗുണംചെയ്യുന്ന വ്യാപാരക്കരാറുകൾക്കാണ് വഴങ്ങിയത്.
എന്നാൽ 50% തീരുവയുണ്ടായിട്ടും ഇന്ത്യ പക്ഷേ, ട്രംപിന്റെ ആവശ്യങ്ങൾക്ക് മുൻപിൽ വഴങ്ങിയിരുന്നില്ല. റഷ്യൻ എണ്ണയുടെ പേരിൽ പിഴച്ചുങ്കം വന്നിട്ടും ഇന്ത്യ ഇറക്കുമതി തുടർന്നിരുന്നു. ഇന്ത്യയുടെ ക്ഷീര, കാർഷിക മേഖലകളിൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് പൂജ്യം തീരുവയോടെ കടന്നുകയറാൻ വഴിയൊരുക്കണമെന്ന ആവശ്യത്തിനും ഇന്ത്യ ഇനിയും വഴങ്ങിയിട്ടില്ല. ഇതോടെ ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങളുടെ തീരുവ പൂജ്യമാക്കുമെന്ന് ഉൾപ്പെടെ വ്യക്തമാക്കിയാണ് ട്രംപ് ഇപ്പോൾ വ്യാപാരക്കരാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, തീരുവ കുറച്ചതിനെയും കരാർ പ്രഖ്യാപനത്തെയും സ്വാഗതം ചെയ്ത ഇന്ത്യ, കരാറിന്റെ വിശദാംശങ്ങളും വ്യവസ്ഥകളും ഇനിയും വ്യക്തമാക്കിയിട്ടില്ല. കാർഷിക, ക്ഷീരമേഖലകളെ സംരക്ഷിക്കുമെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വ്യാപാരക്കരാർ ചർച്ചകളിൽ ഇന്ത്യ കൈക്കൊണ്ടത് കർക്കശ നിലപാടാണെന്ന റിപ്പോർട്ട് ഒരു വിദേശ മാധ്യമം പുറത്തുവിട്ടത്. ഇന്ത്യയ്ക്ക് പ്രതികൂലമായ കരാറാണെങ്കിൽ അംഗീകരിക്കില്ലെന്നും വേണമെങ്കിൽ ട്രംപ് ഭരണം അവസാനിക്കുംവരെ കാക്കുമെന്ന് കേന്ദ്രത്തിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയോട് പറഞ്ഞതായാണ് വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരും തമ്മിലെ കൂടിക്കാഴ്ച. വ്യാപാര വിഷയത്തിൽ ഇന്ത്യയോട് വിരട്ടലും വിലപേശലും വേണ്ടെന്ന് ഡോവൽ റൂബിയോയോട് പറഞ്ഞിരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ട്രംപിനെ പോലെ വ്യാപാരവും തീരുവയും മറ്റും ആയുധമാക്കി വിലപേശിയിരുന്ന മുൻകാല യുഎസ് ഭരണാധികാരികളെയും ഇന്ത്യ ശക്തമായി നേരിട്ടിട്ടുണ്ടെന്നും ഡോവൽ ഓർമ്മിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ട്രംപ് ഭരണകൂടത്തിലെ പല ഉന്നതരും ഇന്ത്യയ്ക്കെതിരെ പരസ്യമായ വിമർശനങ്ങൾ നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഡോവൽ കടുത്ത വാക്കുകളോടെ പ്രതികരിച്ചത്. ഇതിനുപിന്നാലെ വിമർശനങ്ങൾ കെട്ടടങ്ങിയെന്നും ട്രംപ് മോദിയെ വിളിക്കുകയും പിന്നീട് പിറന്നാൾ ദിനത്തിൽ ആശംസകൾ നേരുകയും ചെയ്തിരുന്നു. അതേസമയം ട്രംപിന്റെ മുഖ്യ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ ഉൾപ്പെടെ ചിലർ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെ രൂക്ഷമായി കടന്നാക്രമിച്ചിരുന്നു.റഷ്യൻ എണ്ണ വാങ്ങി ഇന്ത്യ യുക്രെയ്നെതിരായ പുട്ടിന്റെ യുദ്ധത്തിന് ഇന്ധനം പകരുകയാണെന്നും റഷ്യൻ എണ്ണ വിറ്റ് ഇന്ത്യ നേടുന്നത് ‘ചോരപ്പണം’ ആണെന്നും നവാരോ പറഞ്ഞിരുന്നു. യുക്രെയ്നിൽ നടക്കുന്നത് ‘മോദിയുടെ യുദ്ധം’ ആണെന്നും നവാരോ അഭിപ്രായപ്പെട്ടിരുന്നു.
ഇതോടെവാക്കുകൾ അതിരുവിടുന്നതായും ഡോവൽ റൂബിയോയോട് പറഞ്ഞിരുന്നതായി റിപ്പോർട്ടിലുണ്ട്. അതേസമയം, റിപ്പോർട്ടിന്മേൽ യുഎസ് അധികൃതരോ കേന്ദ്രസർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ട്രംപ് പ്രഖ്യാപിച്ച ‘ഇന്ത്യ- യുഎസ്’ വ്യാപാരക്കരാർ ഇന്ത്യയിൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. കരാറിന്റെ വിശദാംശങ്ങളിൽ ഇനിയും വ്യക്തതയില്ലെന്നും കർഷകരുടെ താൽപര്യങ്ങൾ മോദി സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ അടിയറവു വച്ചെന്നും കോൺഗ്രസ് ഉൾപ്പെടെ വിമർശിച്ചു.
അദാനിക്കെതിരെ അമേരിക്കയിലുള്ള കൈക്കൂലിക്കേസ് ചൂണ്ടിക്കാണിച്ചും മോദിയുടെ പേര് ഉൾപ്പെടെ പരാമർശിക്കപ്പെട്ട എപ്സ്റ്റീൻ ഫയലുകളുടെ തുടർ റിപ്പോർട്ടുകൾ ഇനിയും പുറത്തുവരാനുണ്ടെന്ന് ഭീഷണിപ്പെടുത്തിയും മോദിയെ സമ്മർദത്തിലാക്കിയാണ് അമേരിക്ക അവർക്ക് അനുകൂലമായ വ്യാപാരക്കരാർ സ്വന്തമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.














































